തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് സിഎജി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഇക്കാര്യത്തിൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.

പ്രത്യേക ഖണ്ഡികയിലാണ് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സിഎജി റപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കരാർ കാലാവധി 40 വർഷമാക്കിയതിലൂടെ അദാനി ഗ്രൂപ്പിന് അധിക വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

29217 കോടി രൂപയാണ് പദ്ധതിയിലൂടെ കരാർ ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിന് അധികമായി ലഭിക്കുന്ന വരുമാനം. സാധാരണ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാലാവധി 30 വർഷമാണ്. എന്നാൽ വിഴിഞ്ഞം പദ്ധതിയുടെ കാലാവധി 40 വർഷമാണ്. ഇതിലൂടെയാണ് അദാനി ഗ്രൂപ്പിന് ഇത്രയും അധികം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നത്.

സാധാരണ ഗതിയിൽ ഗ്രീൻ ഫീൽഡ് പദ്ധതികളേക്കാൾ പത്ത് വർഷം കാലാവധി അധികമായി നൽകിയത് ഭാവിയിൽ അഴിമതി കേസിനുള്ള സാധ്യതയിലേക്ക് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ഓഹരി ഘടനയിലും അദാനി ഗ്രൂപ്പിന് അധിക നേട്ടമുണ്ടാക്കാൻ സാധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ