തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുൻപ് റിപ്പോർട്ടിന്റെ വിശദാശംങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തി. ഇത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിന്റെ സാധുത നിയമ വിദഗ്ധരുമായി ആലോചിക്കുകയാണ്. എന്നാൽ കിഫ്ബിക്കെതിരായ നീക്കത്തിൽ സർക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം.
കിഫ്ബി, മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതിനെതിരെ ധനമന്ത്രി ടി. എം തോമസ് ഐസക് രംഗത്തെത്തിയിരുന്നു. കിഫ്ബിക്കെതിരായ നീക്കം നാടിന്റെ വികസനം തകർക്കാനാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നീക്കം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. വികസന പദ്ധതികളെ തകർക്കാൻ സിഎജിയെ ഉപയോഗിക്കുകയാണ്. സിഎജിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനോടുള്ള വിയോജിപ്പ് സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പരിശോധനയിൽ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങൾ കരട് റിപ്പോർട്ടിൽ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സർക്കാർ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുൻകൂർ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്. വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.