കൊച്ചി: ഇന്ന് ഇന്ത്യയൊട്ടാകെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സമരം. 24 മണിക്കൂര്‍ സിഗ്നല്‍ ഓഫ് ചെയ്തുകൊണ്ടാണ് സമരം. കേബിള്‍ ടിവി, ഡിടിഎച്ച് മേഖലയില്‍ നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രായ് കൊണ്ടുവന്ന പുതിയ ചട്ടത്തിനെതിരെയാണ് സമരം.

ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റേഴ്‌സ് സംയുക്ത സമിതി അറിയിച്ചു.

150 ഫ്രീ ടു എയര്‍ ചാനലുകളും നൂറിലേറെ പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലുകള്‍ക്ക് 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരുമെന്നാണ് ഇവരുടെ ആരോപണം. പേ ചാനലുകളുടെ പരമാവധി നിരക്ക് 10 രൂപയായി കുറയ്ക്കുക, 150 ചാനലുകള്‍ക്ക് 200 രൂപയായി ബേസിക് നിരക്ക് പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വൈദ്യുതി പോസ്റ്റ് വാടക, ടെക്‌നീഷ്യന്‍മാരുടെ ശമ്പളം, കളക്ഷന്‍ കമ്മീഷന്‍, നെറ്റ്വര്‍ക്ക് അറ്റകുറ്റപ്പണി തുടങ്ങി കേബിള്‍ രംഗത്തെ ചെലവുകള്‍ കൂടിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അടിസ്ഥാന നിരക്ക് 130ല്‍ നിന്നും 200 ആയി ഉയര്‍ത്തണമെന്നും സമിതി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook