scorecardresearch
Latest News

കേന്ദ്ര മന്ത്രിസഭ പുന:സംഘടന : അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒൻപത് പേരാണ് പുതുതായി മന്ത്രിസഭയിലേക്കെത്തിയത്

കേന്ദ്ര മന്ത്രിസഭ പുന:സംഘടന : അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ മലയാളിയായ അൽഫോൻസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനം കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ്. രാഷ്ട്രപതിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഒൻപത് പേരാണ് പുതുതായി മന്ത്രിസഭയിലേക്കെത്തിയത്.  അൽഫോൻസ് കണ്ണന്താനത്തെക്കൂടാതെ അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിംഗ് (ബിഹാർ), ഹർദീപ് സിംഗ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിംഗ് (ഉത്തർപ്രദേശ്) എന്നിവരും കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

നിർമല സീതാരാമൻ, പീയുഷ് ഗോയൽ, മുഖ്താർ അബ്ബാസ് നഖ്‌വി, ധർമേന്ദ്ര പ്രധാൻ എന്നിവർക്ക് കാബിനറ്റ് പദവി ലഭിച്ചു. ധർമേന്ദ്ര പ്രധാനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ പീയുഷ് ഗോയൽ, നിർമല സീതാരാമൻ, മുഖ്താർ അബ്ബാസ് നഖ്‌വി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

നിലവിൽ വാണിജ്യ സഹമന്ത്രിയായ നിർമല സീതാരാമൻ, ഊർജവകുപ്പിന്‍റെ സ്വതന്ത്ര ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ, പാർലമെന്‍ററികാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, പെട്രോളിയംവകുപ്പിന്‍റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ധർമേന്ദ്ര പ്രധാൻ എന്നിവർക്ക് ക്യാബിനറ്റ് പദവി നൽകി.

“കേന്ദ്രമന്ത്രിയാകാനായതിൽ സന്തോഷമുണ്ടെന്ന് അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. 1979 ബാച്ച് കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം. ഡപ്യൂട്ടേഷനിൽ ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ കമ്മിഷണറായിരിക്കെ 15000 ത്തിലധികം അനധികൃത കെട്ടിടങ്ങളാണ് ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിൽ പൊളിച്ചു നീക്കിയത്. 1994 ൽ ടൈം മാഗസിന്റെ 100 യുവ നേതാക്കളുടെ പട്ടികയിലേക്ക് അദ്ദേഹത്തിന് ഇതോടെ ഇടം ലഭിച്ചു.

1989 ൽ ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ്ണ സാക്ഷര സംസ്ഥാനമായി കോട്ടയത്തെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കാണ് ഇദ്ദേഹം വഹിച്ചത്. ഐഎഎസിൽ നിന്ന് സ്വയം വിരമിച്ച് 2006-11 കാലത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായാണ് ഇദ്ദേഹം കേരള  നിയമസഭയിലെത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടം 2017 ന്റെ സമിതിയിൽ അംഗമാണ് ഇദ്ദേഹം ഇപ്പോൾ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cabinet reshuffle alphonse kannanthanam take oath as union minisiter