തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടർ ടി.വി.അനുപമ നൽകിയ റിപ്പോർട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല. കൈയേറ്റ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ അറിയിച്ചു. തോമസ് ചാണ്ടി കൈയേറിയ ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണോയെന്ന് പരിശോധിക്കുമെന്നും പി.എച്ച്.കുര്യൻ ആവശ്യപ്പെട്ടു. ഇതേതുടർന്ന് മന്ത്രിസഭാ യോഗം കലക്ടറുടെ റിപ്പോർട്ട് ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു.

തുടർന്നാണ് വിഷയത്തിൽ എടുക്കുന്ന നടപടികളെ കുറിച്ച് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചത്. നിയമോപദേശം നൽകാൻ സർക്കാർ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ചു.

റിപ്പോർട്ടിന്മേലുള്ള തുടർ നടപടികൾ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമറിയിക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കലക്ടറുടെ റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങൾ ആണ് ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കലക്ടറുടെ റിപ്പോർട്ടെന്നും ഇത് ഭൂസംരക്ഷണ നിയമത്തിന്‍റെ ലംഘനവും ക്രിമിനൽ കുറ്റവുമാണെന്നും മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു.

മാര്‍ത്താണ്ഡം കായലിൽ അടക്കം കയ്യേറ്റവും നിയമലംഘനവും നടത്തിയെന്നാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ കണ്ടെത്തിയത്. വാട്ടര്‍ വേള്‍ഡ് കന്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണെന്നും അതുകൊണ്ട് കലക്ടറുടെ നടപടി കോടതിയലക്ഷ്യമാണെന്നും കാട്ടി തോമസ് ചാണ്ടി റവന്യൂസെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരിന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ