തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം നിരവധി പേരെ മുൾമുനയിലാക്കി സോളാർ കേസിൽ പൊതു അന്വേഷണം നടത്തും. തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്ന് പുറത്ത് വരും. സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സഭയിൽ വയ്ക്കും.

അതേസമയം തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന സരിതയുടെ പരാതിയിൽ ഇപ്പോൾ കേസെടുക്കില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിക്കാൻ തീരുമാനമായത്. സുപ്രീം കോടതി ജസ്റ്റിസായിരുന്ന ജസ്റ്റിസ് അർജിത് പസായം നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

സോളാറുമായി ബന്ധപ്പെട്ട ഇടപാടുകളോരോന്നും പ്രത്യേകം പ്രത്യേകം അന്വേഷിക്കേണ്ടെന്നാണ് മന്ത്രിസഭ തീരുമാനം. എല്ലാം ഉൾപ്പെടുത്തി ഒറ്റ കേസായി അന്വേഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നേരത്തേ തന്നെ സോളാർ കേസ് തുടരന്വേഷണത്തിനുള്ള ചുമതലയ്ക്കായി തീരുമാനിച്ചിരുന്നു. എന്നാൽ നിയമോപദേശം ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു സംസ്ഥാന സർക്കാർ. ഇന്ന് തന്നെ അന്വേഷണ ഉത്തരവ് മുഖ്യമന്ത്രി രാജേഷ് ദിവാന് കൈമാറുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ