തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മുണ്ട് കൂടുതല്‍ മുറുക്കിയുടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ ആറുമാസത്തേക്കു കൂടി തുടരും. മാറ്റിവയ്ക്കപ്പെട്ട ശമ്പളം പിഎഫില്‍ ലയിപ്പിക്കും. കമ്പ്യൂട്ടര്‍വല്‍കൃത ഓഫീസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ പുനര്‍വിന്യസിക്കും. ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കലും ഫര്‍ണിച്ചറുകളും വാഹനങ്ങളും വാങ്ങലും അനുവദിക്കില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ മിഷന് മോഡില്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. സാമ്പത്തികസ്ഥിതി അവലോകനം ചെയ്യാന്‍ നിയോഗിച്ച ഡോ. കെ.എം. എബ്രഹാം, പ്രൊഫ. സുനില്‍ മാണി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സമിതിളുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
Read Also: ഡൽഹി കലാപം: 10,000 പേജുള്ള കുറ്റപത്രവുമായി പൊലീസ്
ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന പേരില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി തുടരും. മാറ്റിവച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കുന്നതുവരെ ഒന്‍പത് ശതമാനം വാര്‍ഷിക പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. നിലവില്‍ മാറ്റിവച്ച ശമ്പളം ഉടന്‍ പണമായി തിരിച്ചുനല്കുമ്പോള് 2500 കോടി രൂപയുടെ അധിക ബാധ്യതയാണു സര്‍ക്കാരിനുണ്ടാവുക. ഇതൊഴിവാക്കാനാണു പിഎഫില്‍ ലയിപ്പിക്കുന്നത്. പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ പിടിച്ച തുക 2021 ജൂണ്‍ ഒന്നിനു ശേഷം തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും. മാറ്റിവച്ച ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കുമെന്ന വ്യവസ്ഥ സെപ്റ്റംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ പിഎഫില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കൂ. അടുത്ത സാമ്പത്തിക വര്‍ഷം ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ.
ശൂന്യവേതന അവധി അഞ്ചുവര്‍ഷമായി ചുരുക്കും. ഈ കാലയളവിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജിയായി പരിഗണിക്കും. നിലവില്‍ 20 വര്‍ഷമാണ് അവധി കാലയളവ്. ഇതിനകം അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ തീരുമാനം ബാധകമല്ല. ഉദ്യോഗസ്ഥന് 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന് നല്കി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്കി കൃത്യനിര്‍വഹണം ക്രമീകരിക്കും.
Read Also: ഉമ്മൻചാണ്ടി: പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെ
അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് 16 മണിക്കൂര്‍ എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. മേയ് 31 വരെ സര്‍ക്കാര്‍ ഉത്തരവിലൂടെ സെലക്ഷന് കമ്മിറ്റി അംഗീകരിച്ച നിയമനങ്ങള്‍, പി.എസ്.സി നിയമന ശുപാര്‍ശ നല്കിയ തസ്തികകള്‍ എന്നിവ അംഗീകരിക്കും.
ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ അധിക തസ്തിക സൃഷ്ടിക്കുന്ന വ്യവസ്ഥ ഒഴിവാക്കും. സ്കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയിഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും.
പ്രവര്‍ത്തനം അവസാനിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ തുടരുന്ന ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും. ഇ-ഓഫീസ് സോഫ്റ്റ് വെയര്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുവരുന്ന ഓഫീസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്ക് പുനര്‍വിന്യാസം ചെയ്യും. ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സ്ഥാപനങ്ങളിലും സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കല്‍ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിയോഗിക്കണം.
Read Also: ബാബറി മസ്ജിദ് തകർത്ത കേസ്: വിധി സെപ്റ്റംബർ 30 ന്
ഒരേ തരത്തിലുള്ള വികസന, സേവന ഉദ്ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധികള്‍, കമ്മിഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റികളായി രൂപീകരിച്ച സ്ഥാപനങ്ങള്‍ തുടങ്ങിയവയെ സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. സ്റ്റാറ്റിയൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യല്‍ കമ്മിഷനുകളുടെ പ്രവര്‍ത്തനത്തിന് ഏകോപിത ഓഫീസ് സംവിധാനം സാധ്യമാക്കും.
ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കില്ല. ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം. ഔദ്യോഗിക യാത്രാ ചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പരിശോധിച്ചു പണം നല്‍കാനും ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം രണ്ടു മാസത്തിനകം ധനകാര്യ വകുപ്പ് ഏര്‍പ്പെടുത്തും. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ടാത്തതും പുനരുപയോഗിക്കാന്‍ കഴിയാത്തതുമായ സാധനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വില്ക്കാന് സ്റ്റോര്‍ പെര്‍ച്ചസ് വകുപ്പ് നടപടി കൈക്കൊള്ളണം.
ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തണം. തുടര്‍ന്ന്, വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതല്‍ സ്ഥലം അവശ്യമുള്ളവര്‍ക്കു നല്‍കാനും രണ്ടു മാസത്തിനുള്ളില്‍ പൊതുമരാമത്തു വകുപ്പ് നിര്‍വഹണ നിര്‍ദേശങ്ങള്‍ തയാറാക്കണം. ഈ നടപടികള്‍ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള ചെലവു ചുരുക്കല്‍ നടപടികളും തുടരും.അധിക വായ്പക്കുള്ള നിബന്ധനകള്‍ എത്രയും പെട്ടെന്ന് പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കും.