തിരുവനന്തപുരം: ഫുട്ബോൾ താരം സി.കെ.വിനീതിന് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്താനുള്ള നിയമ ഭേദഗതി ശുപാർശ സർക്കാർ ഗവർണർക്ക് അയച്ചു.

എ.പി.ജെ.അബ്ദുള്‍ കലാം സ്മാരക കേരള സാങ്കേതിക സര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ടാണ് സെനറ്റില്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധിക പ്രതിനിധികളെ ഉൾപ്പെടുത്തുന്നത്. സെനറ്റിലെ 6 വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ ഒരാള്‍ വനിതയും ഒരാള്‍ എസ്‌സി-എസ്ടി വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിയുമായിരിക്കും.

ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാര്‍ത്ഥി കൗണ്‍സില്‍ എന്നിവയും കേരള സാങ്കേതിക സർവ്വകലാശാലയിൽ രൂപീകൃതമാകും. നിലവിലുളള നിര്‍വാഹക സമിതിക്കു പകരം ഇനി സിന്‍ഡിക്കേറ്റായിരിക്കും പ്രവർത്തിക്കുക. സിന്‍ഡിക്കേറ്റിലും വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും.

വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍ എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാൻ സാധിക്കും.

സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലാണ് സി.കെ.വിനീതിന് നിയമനം നൽകുന്നത്. സെക്രട്ടേറിയേറ്റ് അസിസ്റ്റന്‍റായി സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം ലഭിക്കും. ഇതിന് പുറമേ, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അധ്യാപകരുടെ വിരമിക്കല്‍ തീയതി, അക്കാദമിക്ക് വര്‍ഷത്തിന്‍റെ അവസാനം വരെ നീട്ടുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് സർക്കാർ ശുപാർശ ചെയ്യും.

മറ്റ് തീരുമാനങ്ങൾ
ഇടുക്കി ജില്ലയിലെ മൂന്ന് ആയുവേദ ആശുപത്രികളില്‍ ഏഴ് ആയുര്‍വേദ തെറാപ്പിസ്റ്റ് (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പാറേമാവ്, കല്ലാര്‍, തൊഴുപുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്‍റെ കാര്‍ഷിക വിഭാഗം ചീഫ് ആയി വിരമിച്ച ഡോ. രാജശേഖരനെ സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡിന്‍റെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചു. 

മയക്കുമരുന്നു ദുരുപയോഗം സംബന്ധിച്ച് പഠനം നടത്തുന്നതിന് എക്സൈസ് വകുപ്പില്‍ ഒരു ഗവേഷണ, റിസോര്‍സ് ഗ്രൂപ്പ് രൂപീകരിക്കും. 

സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ എടുത്ത വായ്പയുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറോട്ടോറിയത്തിന്‍റെ കാലാവധി 2018 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. 

കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടുമാറുന്നവര്‍ക്ക് അനുവദിക്കുന്ന വാടക 5,000 രൂപയില്‍നിന്ന് 8,750 രൂപയായി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ല. 

കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുമതി
അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പാടം പദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്.പി.സി. ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയിലുളള ആദിവാസികളുടെ പൂര്‍ണ്ണ സമ്മതം വാങ്ങണമെന്ന ധാരണയിന്മേലാണ് അനുമതി. കെ.എസ്.ഇ.ബി.യുമായി കൂടിയാലോചിച്ച് എന്‍.എച്ച്.പി.സി. നിരക്ക് തീരുമാനിക്കണം. ഈ പദ്ധതിയില്‍ നിന്നുളള വരുമാനത്തിന്‍റെ 5 ശതമാനം കാറ്റാടി മില്ലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് കെ.എസ്.ഇ.ബി മുഖേന നല്‍കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

2017 ജൂലൈ 31-നോ അതിനു മുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. പഞ്ചായത്തുകളിലെ അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള അധികാരം, ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും.

നഗരങ്ങളിലാണെങ്കില്‍ ഇതിനുളള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്‍റ് ഡയറക്ടര്‍ (അര്‍ബന്‍ അഫേയ്ഴ്സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും.

സിംഗിള്‍ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് നാല്‍പത് ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിര്‍ദ്ദിഷ്ട ഭേദഗതി അനുസരിച്ച് മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ പാസാക്കുന്ന നഷ്ടപരിഹാര തുക മാനദണ്ഡമാക്കാതെ അതിേډലുളള അപ്പീല്‍ കേല്‍ക്കാന്‍ സിംഗിള്‍ ജഡ്ജിക്ക് അധികാരമുണ്ടാകും.

1988 ബാച്ചിലെ 4 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിശോധനാ സമിതി ശുപാര്‍ശ ചെയ്ത പാനല്‍ അംഗീകരിച്ചു. ടി.കെ. ജോസ്, ഗ്യാനേഷ് കുമാര്‍, ഡോ. ആഷാതോമസ്, ടിക്കാറാം മീണ എന്നിവരെയാണ് പാനലില്‍ ഉള്‍പെടുത്തിയത്. ഒഴിവു വരുന്ന മുറയ്ക്ക് പാനലില്‍നിന്നും നിയമനം നല്‍കുന്നതാണ്. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.