പിഎസ്‌സിയിൽ പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കുന്നു, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടിക്രമം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

മാനന്തവാടി ജില്ലാ ആശുപത്രിയെ താൽക്കാലിക മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു

corona virus, കൊറോണ വൈറസ്, lockdown, സാലറി ചലഞ്ച്, salary challenge, govt employees, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: പിഎസ്‌സിയിൽ നിലവിലുള്ള എട്ട് ഒഴിവുകളിൽ അംഗങ്ങളെ നിയമിക്കാൻ ഗവർണറോട് സർക്കാർ ശിപാർശ ചെയ്‌തു. പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദമായി:

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍

പതിനൊന്നാം ശമ്പള കമ്മിഷന്റെ ശിപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശമ്പള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും.

നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും.

ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്‍ഷന്‍ (സാധരണ നിരക്ക്) 50,040 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരും.

പിഎസ്‌സിക്ക് കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിക്രമം

ഈ സര്‍ക്കാരിന്റെ കാലയളവില്‍ പിഎസ്‌സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.

പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കാൻ നടപടികള്‍ സ്വീകരിക്കും. സീനിയോറിറ്റി, തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.

പ്രൊമോഷന് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പ്രൊമോഷന്‍ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷന്‍ തസ്തികകള്‍ പിഎസ്‌സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് താല്‍ക്കാലികമായി ഡീ-കേഡര്‍ ചെയ്ത നടപടി ഭേദഗതി ചെയ്യും.

ഈ നടപടികള്‍ പത്തു ദിവസത്തിനകം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ അടങ്കലിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. മൊത്തം 7,446 കോടി രൂപയാണ് പദ്ധതിച്ചെലവ്. തിരുവനന്തപുരം പദ്ധതിക്ക് 4,673 കോടി രൂപയും കോഴിക്കോട് പദ്ധതിക്ക് 2,773 കോടി രൂപയും ചെലവ് വരും. പദ്ധതി നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ഈ നഗരങ്ങളിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും വേഗമുള്ളതും സുഖകരവുമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് ലൈറ്റ് മെട്രോ നടപ്പാക്കുന്നത്. നഗരത്തിന്റെ അടുത്ത അമ്പതു വര്‍ഷത്തേക്കുള്ള ഗതാഗത ആവശ്യം നിറവേറ്റാന്‍ പ്രാപ്തമായ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പദ്ധതി തികച്ചും പരിസ്ഥിതി സൗഹര്‍ദപരമായിരിക്കും. സമയനിഷ്ഠ പാലിച്ചുകൊണ്ട് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥലങ്ങളില്‍ എത്താന്‍ കഴിയും.

പുതിയ ചീഫ് സെക്രട്ടറി

അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.പി.ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിക്രം സാരഭായ് സ്‌പേസ് സെന്ററിൽ 1985 ൽ സേവനം ചെയ്ത വി.പി.ജോയി 1987 ലാണ് ഐഎഎസ് പദവിയിലെത്തിയത്.

വാട്ടര്‍ മെട്രോ

കൊച്ചിയില്‍ വാട്ടര്‍ മെട്രോ (ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിന് 1528 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം തത്വത്തില്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചു.

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍

മാനന്തവാടി ജില്ലാ ആശുപത്രിയെ തൽക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ആരാധനാലയങ്ങളുടെ നിര്‍മാണം

മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമാണ്.

എ.ഷാജഹാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനെ 2021 മാര്‍ച്ച് 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

അബ്‌കാരി നയം

2020-21 വര്‍ഷത്തെ അബ്‌കാരി നയം 2021-22 സാമ്പത്തിക വര്‍ഷവും അതേപടി തുടരാന്‍ തീരുമാനിച്ചു.

വിദ്യാവളണ്ടിയര്‍മാരെ സ്ഥിരപ്പെടുത്തും

നിര്‍ത്തലാക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളില്‍ പത്തുവര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ തുടരുന്ന വിദ്യാവളണ്ടിയര്‍മാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ളതോ ഭാവിയില്‍ വരുന്നതോ ആയ ഒഴിവുകളില്‍ നിയമിക്കും. യാത്രാ സൗകര്യം തീരെ ഇല്ലാത്ത തീരപ്രദേശങ്ങളിലും വനമേഖലകളിലുമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പില്‍ പത്തുവര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി ചെയ്യുന്ന 36 താല്‍ക്കാലിക ജീവനക്കാരെ ഹൈക്കോടതി വിധി പരിഗണിച്ച് സ്ഥിരപ്പെടുത്തും.

സംസ്ഥാന സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 74 പേരെ സ്ഥിരപ്പെടുത്തും.

സപ്ലൈകോയില്‍ 206 അസിസ്റ്റന്റ് സെയില്‍സ്‌മാൻ തസ്‌തികകൾ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. നേരത്തെ മരവിപ്പിച്ച 412 തസ്തികകളില്‍ ഉള്‍പ്പെടുന്നതാണിത്.

ദുരിതാശ്വാസ നിധി

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ മുഴുക്കുന്ന് വട്ടപ്പൊയില്‍ എം. വിനോദിന് ചികിത്സയ്ക്ക് ചെലവായ 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.

ബൈക്ക് യാത്രയ്ക്കിടെ പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് മരിച്ച എറണാകുളം പള്ളുരുത്തി സ്വദേശി പി.എസ്. വിഷ്ണുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും.

ശമ്പളം പരിഷ്‌കരിക്കും

കേരളാ ഫീഡ്‌സ് ലിമിറ്റഡിലെ വര്‍ക്ക്‌മെന്‍ വിഭാഗം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

പെന്‍ഷന്‍ പ്രായം

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇ.പി.എഫ് ക്ഷേമനിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാൻ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.

അഞ്ച് കുടുംബ കോടതികള്‍

കുന്നംകുളം, നെയ്യാറ്റിന്‍കര, അടൂര്‍, പുനലൂര്‍, പരവൂര്‍ (കൊല്ലം) എന്നിവിടങ്ങളില്‍ കുടുംബ കോടതികള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.

എട്ട് പിഎസ്‌സി അംഗങ്ങള്‍

പിഎസ്‌സിയിലെ എട്ട് ഒഴിവുകളിൽ ഡോ.എസ്.ശ്രീകുമാര്‍ (ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ്.വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ.സെയ്‌ഫ് (കൊല്ലം), വി.ടി.കെ അബ്ദുള്‍ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ.ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം) എന്നിവരെ നിയമിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

അധിക ചുമതല

കണ്ണൂര്‍ ഇന്റർനാഷണൽ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വി.തുളസിദാസിന്റെ കാലാവധി മാര്‍ച്ച് 12-ന് അവസാനിക്കുകയാണ്. അദ്ദേഹം ഒഴിയുന്ന മുറയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് കിയാല്‍ എംഡിയുടെ അധിക ചുമതല നല്‍കും.

കെ-ഡിസ്‌ക് പുനഃസംഘടന

തൊഴില്‍ നൈപുണ്യവികസനവും ഇന്നവേഷനും കാലാനുസൃതമായും കാര്യക്ഷമമായും നടപ്പാക്കാൻ കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സലിനെ സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയായിരിക്കും നിര്‍ദിഷ്ട ഭരണസമിതിയുടെ അധ്യക്ഷന്‍. വ്യവസായം, ധനകാര്യം, കൃഷി, ഉന്നതവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. വിവിധ മേഖലകളില്‍ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ വിദഗ്ധരെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും.

അതിഥിതൊഴിലാളി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ്

സംസ്ഥാനത്തേക്ക് വരുന്ന അതിഥിതൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ രജിസ്‌ട്രേഷന്‍ കേരള എന്നതാണ് ഓര്‍ഡിനന്‍സിന്റെ പേര്. സംസ്ഥാനത്തേക്ക് സ്വമേധയാ വരുന്നവരും കരാറുകാര്‍ മുഖേന വരുന്നവരും രജിസ്റ്റര്‍ ചെയ്യണം. അതിഥി തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കാലിത്തീറ്റ മായം തടയാന്‍ ഓര്‍ഡിനന്‍സ്

കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഉല്‍പ്പാദനവും വിപണനവും നിയന്ത്രിക്കാനും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

സംസ്ഥാനത്ത് പൊതുമേഖലയിലും സഹകരണമേഖലയിലുമായി കാലിത്തീറ്റ ആവശ്യത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന തീറ്റകളില്‍ നല്ല തോതില്‍ മായമുണ്ട്. ഇന്നത്തെ നിലയില്‍ അത് കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്താൻ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

പ്ലാന്റേഷൻ ഡയറക്ടറേറ്റ്

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാൻ തത്വത്തില്‍ അംഗീകാരം നല്‍കും. തോട്ടം മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തിയ വി. നമശിവായത്തിന്റെ ശിപാര്‍ശ പരിഗണിച്ചാണ് ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനുള്ള നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വതന്ത്ര ഡയറക്ടറേറ്റ് സഹായകമാകുമെന്ന്  സര്‍ക്കാര്‍ കരുതുന്നു.

ആദിവാസി വിഭാഗത്തില്‍നിന്ന് 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍

വനം വകുപ്പില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇതിനുവേണ്ടി പി.എസ്.സി മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തും. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുന്നത്. എന്നാല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പില്‍ പരിചിതരായ ജീവനക്കാരുടെ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ആദിവാസി സമൂഹത്തില്‍ നിന്നും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ തീരുമാനിച്ചത്.

ബെവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണ്‍, കൂടുതല്‍ തസ്തികകള്‍

സംസ്ഥാന ബെവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്‍കി. ഇതുപ്രകാരം 1720 തസ്തികകള്‍ക്കു കൂടി അംഗീകാരം ലഭിച്ചു. 261 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. പുതിയ തീരുമാനത്തിന്റെ ഫലമായി വിവിധ തസ്തികകളിലായി 672 പേര്‍ക്ക് നിയമനം ലഭിക്കും. ഓഫീസ് /  ഷോപ്പ് അറ്റന്‍ഡിന്റെ തസ്തികയില്‍ 258 പേര്‍ക്കും എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ 136 പേര്‍ക്കും പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം കിട്ടും. സ്വീപ്പര്‍ തസ്തികയില്‍ 17 പേര്‍ക്കാണ് നിയമനം കിട്ടുക.

25 പുതിയ പൊലീസ് സബ് ഡിവിഷനുകള്‍

25 പുതിയ പൊലീസ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, വലപ്പാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറോക്ക്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍ എന്നിവയാണ് പുതിയ പൊലീസ് സബ് ഡിവിഷനുകള്‍. ഇതിനുവേണ്ടി 25 ഡെപ്യൂട്ടി സൂപ്രണ്ട് / അസിസ്റ്റന്റ് കമ്മിഷണര്‍ തസ്തികകള്‍ സൃഷ്ടിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cabinet meeting decision pinarayi vijayan government

Next Story
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്; കുറവ് കാസർഗോട്ട്Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com