തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. റവന്യൂവകുപ്പിന്‍റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാവുക. റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടുന്ന കാര്യവും പരിഗണിച്ചേക്കുമെന്നാണ് സൂചന. പി.എച്ച്.കുര്യനെ റവന്യൂസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന റവന്യൂമന്ത്രിയുടെ ആവശ്യവും യോഗം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ടിന്മേൽ മന്ത്രിസഭ പരിഗണിക്കാതെ തന്നെ മുഖ്യമന്ത്രിക്ക് നടപടി തീരുമാനിക്കാവുന്നതുമാണ്. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനുള്ളത്. തോമസ് ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ലേക്ക്പാലസ് റിസോര്‍ട്ടിലും, മാര്‍ത്താണ്ഡം കായലിലും അടക്കം കയ്യേറ്റവും നിയമലംഘനവും നടത്തിയെന്നാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ കണ്ടെത്തിയത്. വാട്ടര്‍ വേള്‍ഡ് കന്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണെന്നും അതുകൊണ്ട് കലക്ടറുടെ നടപടി കോടതിയലക്ഷ്യമാണെന്നും കാട്ടി തോമസ് ചാണ്ടി റവന്യൂസെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരിന്നു. ഇത് കൂടി പരിഗണിച്ചായിരിക്കും റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ