ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം

സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു

sabarimala protest
നിലയ്ക്കലിൽ പ്രതിഷേധം അക്രമാസക്തമായപ്പോൾ പ്രതിഷേധക്കാരനെ അടിച്ചോടിക്കുന്ന പൊലീസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമ ഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം.

ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യ കേരള യാത്രയിൽ അടക്കം ശബരിമല വിഷയം യുഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നു.

സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്‌ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തിൽ വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപിയും പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വച്ചുകൊണ്ടാണ് കേസുകള്‍ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ ഇല്ലാതായിരുന്നെന്നും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.

നിരപരാധികളായ ആളുകള്‍ക്കെതിരെ എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

2018ൽ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ ക്ഷേത്രം തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ മാത്രം 543 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തത്. ഹര്‍ത്താല്‍, വഴി തടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേൽ ചുമത്തിയത്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ 2020 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ മാത്രം സമരം ചെയ്തവർക്കെതിരെ 519 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന വിവരാവകാശ രേഖ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. 2020 ജനുവരി 1 മുതല്‍ മാർച്ച് 23 വരെ 519 കേസുകളെടുത്തുവെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cabinet decision whithdrew sabarimala anti caa cases

Next Story
മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും; നേരിട്ട് സംവദിച്ച് രാഹുൽ ഗാന്ധിfishermen,rahul gandhi,പ്രകടന പത്രിക,മത്സ്യ തൊഴിലാളി,മത്സ്യതൊഴിലാളി,രാഹുൽ ഗാന്ധി,kollam
The moderation of comments is automated and not cleared manually by malayalam.indianexpress.com