തിരുവനന്തപുരം: നൂനപക്ഷ പദവിയില്ലാത്ത, എയ്ഡഡ് കോളേജുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അധ്യാപക – അനധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെയുളള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീല്‍ നൽകും.

സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന ഭരണ സർവീസ് പുതവത്സര ദിനത്തിൽ നിലവിൽ വരും. കേരള അഡ്മിനിസ്ട്രിറ്റേറ്റീവ് സർവീസ് ചട്ടങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. പുതുവത്സര ദിനത്തിൽ തന്നെ കേരളത്തിന് പുതിയ ചീഫ് സെക്രട്ടറിയും വരും. നിലവിൽ ചീഫ് സെക്രട്ടറിയായ ഡോ. കെ. എം എബ്രഹാം വിരമിക്കുന്ന ഒഴിവിൽ പോൾ ആന്രണിയെയാണ് പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗ തീരുമാനിച്ചു.

സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് 2018 ജനുവരി ഒന്നിന് നിലവില്‍വരും. കെ.എ.എസിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ സാഹചര്യത്തിലാണിത്.
കെ.എ.എസ്. രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വ്വീസ് സംഘടനകളുമായി ഗവണ്‍മെന്‍റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാന രൂപം നല്‍കിയത്. കഴിവും പ്രതിബജ്ഞാബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നതെന്നാണ് സർക്കാർ നിലപാട്.
നേരത്തെ സർവ്വീ സ് സംഘടനകൾ കെ എ എസ്സിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

മൂന്ന് രീതിയിലാണ് കെ.എ.എസിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റ് തീരുമാനിച്ചിട്ടുളളത്.
നേരിട്ടുള്ള നിയമനമാണ് ഒന്നാമത്തേത്. ഇതിന് പ്രായപരിധി – 32 വയസ്സാണ്. പിന്നാക്ക വിഭാങ്ങള്‍ക്കും എസ്.സി.എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. സര്‍വ്വകലാശാല ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനമാണ് രണ്ടാമത്തെ രീതി. ഇതിന്രെ പ്രായപരിധി – 40 വയസ്സാണ്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.
ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് മൂന്നാമത്തെ രീതി. ഇതിനുളള പ്രായപരിധി 50 വയസ്സാണ്. യോഗ്യത ബിരുദം.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.

ഡോ. കെ.എം. എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായ, ഊര്‍ജ്ജ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല ജനുവരി ഒന്ന് മുതല്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനു നല്‍കാന്‍ തീരുമാനിച്ചു. ഊര്‍ജ്ജ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും.

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. കെ.എം. എബ്രഹാം ചെയർമാനായി സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നാനോ ശാസ്ത്രജ്ഞന്‍ ഡോ. പുളിക്കല്‍ അജയന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ബാങ്കിംഗ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്‍, രസതന്ത്ര ഗവേഷന്‍ ഡോ. കെ.എം. എബ്രഹാം (യു.എസ്.എ.) എന്നിവര്‍ അംഗങ്ങളായിരിക്കും.
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍റെ (കിഫ്ബി) സി.ഇ.ഒ.യുടെ ചുമതല ഡോ.കെ.എം. എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാരിന്‍റെ ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) ആസൂത്രണ – സാമ്പത്തിക കാര്യ (ഡെവലപ്മെന്‍റ് ആന്‍റ് ഇന്നവേഷന്‍) എന്നീ വകുപ്പുകളുടെ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഡോ. എബ്രഹാം.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്‍റെ കണക്ടിവിറ്റി പാക്കേജായി നാല് പദ്ധതികള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി ഇത് പ്രകാരം തലശ്ശേരി – കൊടുവള്ളി – മമ്പറം – അഞ്ചരക്കണ്ടി – മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മട്ടന്നൂര്‍ മുതല്‍ വായന്തോട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തും. കുറ്റ്യാടി – നാദാപുരം – പെരിങ്ങത്തൂര്‍ – മേക്കുന്ന് – പാനൂര്‍ – പൂക്കോട് – കൂത്ത് പറമ്പ് – മട്ടന്നൂര്‍ റോഡ്, വനപ്രദേശം ഒഴികേയുള്ള മാനന്തവാടി – ബോയിസ് ടൗണ്‍ – പേരാവൂര്‍ – ശിവപുരം – മട്ടന്നൂര്‍ റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കൂട്ടുപ്പുഴ പാലം – ഇരുട്ടി – മട്ടന്നൂര്‍ – വായന്തോട്, മേലേ ചൊവ്വ – ചാലോട് – മട്ടന്നൂര്‍ – എയര്‍പ്പോര്‍ട്ട് റോഡ് എന്നീ റോഡുകള്‍ നാലുവരി പാതയാക്കുന്നതിനും കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് – ചെറക്കള – മയ്യില്‍ – ചാലോട് റോഡ് നാലുവരി പാതയാക്കും.

തെനമല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ശമ്പളം പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്ക് ചുമതല നൽകി. ഫയര്‍ ആന്‍റ് റസ്ക്യൂ സര്‍വ്വീസസിന് കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി എട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.