തിരുവന്തപുരം: അന്‍പത് ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 50 നും 60 നും ഇടയിലുള്ള വീടുകള്‍ക്കു സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കും. ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കു തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ, അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.
വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കും
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കു സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സജ്ജമാക്കും. 2021-22 വാര്‍ഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയ്ക്കാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കുന്നത്. പ്രാരംഭ ചെലവിനായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്.
സര്‍ക്കാരിനുവേണ്ടി കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി എന്നീ ഏജന്‍സികള്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള / നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സംയുക്തമായി സ്പോണ്സര് ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തനത്തിന്റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം ലഭിക്കും.
ധനകാര്യ കമ്മിഷന് ശിപാര്‍ശയ്ക്ക് അംഗീകാരം
ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. എല്ലാ പ്രാദേശിക സര്‍ക്കാരുകളും നികുതി നികുതിയേതര വരുമാനം പൂര്‍ണമായി കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജി ഐ എസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാന രേഖ തയാറാക്കണം. അത് ഒരു പൊതുരേഖയായി മാറണം. നികുതി കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണം. നികുതി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു പരിശോധിക്കുന്നതിനായി പ്രാദേശിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കണം. പ്രാദേശിക സര്‍ക്കാരുകള്‍ എല്ലാ തുകയും ഇലക്ട്രോണിക്കായി അടക്കുന്നതിനുള്ള ഇ-പെയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തണം.
ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാര്‍ഷിക ബജറ്റിനൊപ്പം റോളിങ് റവന്യൂ വര്‍ധിപ്പിക്കല്‍ കര്‍മപദ്ധതി തയാറാക്കണം. സോഫ്റ്റ് വെയറുകളുമായും മറ്റും സംബന്ധിച്ച നികുതിദായകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഐ കെ എം ആസ്ഥാനത്ത് പ്രത്യേക ടീം സജ്ജമാക്കും. എല്ലാ പരാതികള്‍ക്കും മണിക്കൂറുകള്‍ക്കകം പരിഹാരം കാണുന്നതിന് ഇത് സഹായകരമാകും.
വസ്തുനികുതി പരിഷ്കരണം വര്‍ഷത്തിലൊരിക്കല്‍
വസ്തുനികുതി പരിഷ്കരണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുടെ വെബ്സൈറ്റില്‍ ലഭ്യമാക്കണം. എല്ലാ നികുതികളുടെയും കുടിശിക ലിസ്റ്റ് വാര്‍ഡ്/ ഡിവിഷന് അടിസ്ഥാനത്തില്‍ ലഭ്യമാക്കണം. ഗ്രാമ നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്കരണ നടപടികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വസ്തുനികുതി പരിഷ്കരണം വര്‍ഷത്തിലൊരിക്കല്‍ നടത്തണം. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വര്‍ദ്ധനവിന് പരിധി ഏര്‍പ്പെടുത്താനുള്ള നിലവിലുള്ള തീരുമാനം പിന്‍വലിക്കും.
പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വസ്തുനികുതി കുടിശിക എഴുതി തള്ളുന്നതിനുള്ള പരിധി ഉയര്‍ത്തും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 241-ാം വകുപ്പ് പുനസ്ഥാപിക്കും. ഇത് പ്രകാരം ഒരു കെട്ടിടം പൊളിച്ചുമാറ്റുന്ന വിവരം ഉടമസ്ഥന് പ്രാദേശിക സര്‍ക്കാരിനെ അറിയിക്കണം. അല്ലാത്ത പക്ഷം അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടയ്ക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. മൊബൈല്‍ ടവറുകളുടെ നികുതിനിരക്ക് പരിഷ്കരിക്കും.
വിനോദനികുതി നിയമ ഭേദഗതി
വിനോദത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് വിനോദനികുതി നിയമം ഭേദഗതി ചെയ്യും. വിനോദ നികുതി നിരക്ക് 10 ശതമാനമാകും. തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദ നികുതി കണക്കാക്കുന്നതിനും പ്രാദേശിക സര്‍ക്കാരുകള്‍ സോഫ്റ്റ്വെയര് സംവിധാനം തയാറാക്കും. സ്വന്തമായി സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന തിയേറ്ററുകള്‍ പ്രാദേശിക സര്‍ക്കാറിന് ഡാറ്റ കൈമാറാന്‍ ബ്രിഡ്ജ് സോഫ്റ്റ്വെയര് തയാറാക്കണം.
പരസ്യ ബോര്‍ഡുകള്‍ ലൈസന്‍സ് ഫീസിന്റെ പരിധിയില്‍
റോഡുകളുടെ വശങ്ങളില് വാണിജ്യാവശ്യത്തിനു സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ ലൈസന്‍സ് ഫീസിന്റെ പരിധിയില്‍ കൊണ്ടുവരും. പ്രാദേശിക സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയിനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് കിഴിവ് അനുവദിക്കുന്നതിനുള്ള അധികാരം പ്രാദേശിക സര്‍ക്കാരുകള്‍ക്കായിരിക്കും. പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭിക്കും.
ലോക്കല്‍ അതോറിറ്റീസ് ലോണ്‍സ് ആക്ട്
കേരള ലോക്കല്‍ ഗവണ്മെന്റ് ഡെവലപ്മെന്റ് ഫണ്ട് രൂപീകരിച്ച് കൊണ്ട് ലോക്കല്‍ അതോറിറ്റീസ് ലോണ്‍സ് ആക്ട് പ്രാവര്‍ത്തികമാക്കും. റവന്യൂ ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി തദ്ദേശഭരണ വകുപ്പ് കാര്യപരിപാടി തയാറാക്കും. പൊതു കാര്യങ്ങള്‍ക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാന്‍ഡ് റീ റിലിംഗിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യും. ഇതു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നതിന് സഹായകമാകും.
ഡൊണേഷന്‍ ക്യാമ്പയിന്
വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷന്‍ ക്യാമ്പയിന് സംഘടിപ്പിക്കും. പ്രാദേശിക സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയുടെ കോര്‍പ്പസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കും.