തിരുവനന്തപുരം: എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. വിവാദ ഓഡിയോ ക്ലിപ് പുറത്ത് വിട്ട മംഗളം ചാനലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി എടുക്കും. ഫോണ്‍കെണി വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
പൊലീസ് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്നാണ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കമീഷന് ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും.
റേറ്റിംഗിന് വേണ്ടി മാത്രമാണ് മന്ത്രിയുടെ ശബ്ദ സന്ദേശം പ്രക്ഷേപണം ചെയ്തത്. ഇത് മംഗളം ചാനലിന്റെ ക്രിമിനല്‍ ഗൂഢാലോചനയാണ്.
രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചാണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി.എസ്.ആന്റണി വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് മുൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോൺവിളിക്കേസ് അന്വേഷിച്ച ജസ്റ്റീസ് ആന്റണി കമ്മീഷൻ.
പലതവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരിയായ പെൺകുട്ടി ജുഡീഷ്യൽ കമ്മീഷന് മുന്പിൽ ഹാജരായിട്ടില്ല. തെളിവ് നൽകാൻ രാഷ്ട്രീയക്കാർ ആരും തയ്യാറായില്ലെന്നും ജസ്റ്റീിസ് ആന്റണി പറഞ്ഞു. റിപ്പോർട്ട് കേന്ദ്ര സർക്കാരിനും പ്രസ് കൗൺസിലിനും അയക്കുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.