കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനു മറ്റൊരു വിദേശി കൂടി നാടുകടത്തല്‍ ഭീഷണിയില്‍. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത എഴുപത്തിനാലുകാരിയാണു നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.
നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സണിനെയാണു വിസാചട്ടം ലംഘിച്ചതിനു രാജ്യത്തുനിന്നു പുറത്താക്കാന്‍ നീക്കമാരംഭിച്ചത്. ഇവരെ കൊച്ചിയിലെ ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫീസി(എഫ്ആര്‍ആര്‍ഒ)ല്‍ അധികൃതര്‍ ചോദ്യം ചെയ്തു. ടൂറിസം വിസയിലാണു യാൻ കേരളത്തിലെത്തിയത്.
ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനു ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു. ഇതേദിവസമാണു യാന്‍ മേതെ യോഹാന്‍സണ്‍ കൊച്ചിയില്‍ നടന്ന ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്ന പേരിലുള്ള പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നത്.
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡന്‍താലിനെ ഒരു സെമസ്റ്റര്‍ ബാക്കിനില്‍ക്കെയാണു രാജ്യത്തുനിന്നു പുറത്താക്കിയത്. ട്രിപ്‌സണ്‍ സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ഉപരിപഠനത്തിന് എത്തിയതായിരുന്നു ജേക്കബ്.
കൊച്ചിയിലെ പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ യാൻ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവരെ ചോദ്യം ചെയ്യാന്‍ എഫ്ആര്‍ആര്‍ഒ വിളിപ്പിച്ചത്. ലോങ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങളോടൊപ്പം അവര്‍ പങ്കുവച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണു യാനെയെ എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യലിനായി വിളിപ്പിച്ചത്. 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാന്‍ താമസിക്കുന്നത്. ഇവിടെ രാവിലെ എത്തിയ എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങള്‍ യാനെയോട് ചോദിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണു കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി എഫ്ആര്‍ആര്‍ഒ ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചത്. ഒക്‌ടോബറില്‍ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാര്‍ച്ച് വരെ വിസാ കാലാവധിയുണ്ട്. 2014 മുതല്‍ യാൻ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
അതേസമയം, വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണു യാനെയെ വിളിപ്പിച്ചതെന്ന് എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥന്‍ അനൂപ് കൃഷ്ണ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രതിഷേധത്തില്‍ യാനെ ബോധപൂര്‍വമാണോ അതോ കൗതുകത്തിന്റെ പുറത്താണോ പങ്കെടുത്തത് എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടോയെന്നതില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിദേശപൗരന്മാര്‍ പ്രതിഷേധങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കെടുക്കരുതെന്നാണ് ഇന്ത്യന്‍ വിസാചട്ടം നിഷ്‌കര്‍ഷിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ്ആര്‍ആര്‍ഒയാണു രാജ്യത്തെത്തുന്ന വിദേശപൗരന്മാരുടെ റജിസ്‌ട്രേഷന്‍, സഞ്ചാരം, താമസം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.