കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിയായ എഴുപത്തിനാലുകാരിയോട് ഉടൻ ഇന്ത്യ വിടാന്‍ ഇമിഗ്രേഷന്‍ അധികൃതരുടെ നിര്‍ദേശം. യാന്‍ മേതെ യോഹാന്‍സണിനെയാണു വിസാചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് രാജ്യത്തുനിന്നു പുറത്താക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാന്‍ താമസിച്ചിരുന്നത്. ഇവിടെ ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് എത്തിയ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അധികൃതര്‍ തന്നോട് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ചതായി യാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അവര്‍ ഇന്നുതന്നെ കൊച്ചി വിടും. കൊച്ചി വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കു പോകുന്ന അവര്‍ തുടര്‍ന്ന് സ്വീഡനിലേക്കു മടങ്ങും.
വിശദീകരണമൊന്നും നല്‍കാതെയാണു തന്നോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നു യാന്‍ പറഞ്ഞു. കാരണം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യ വിട്ടുപോകണമെന്നും ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മടക്ക വിമാനടിക്കറ്റ് കാണാതെ ഉദ്യോഗസ്ഥന്‍ തിരിച്ചുപോയില്ലെന്നും ഒരു സുഹൃത്ത് ദുബായിലേക്കുള്ള ടിക്കറ്റ് ശരിയാക്കിത്തന്നതായും അവര്‍ കുറിച്ചു.
‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്ന പേരില്‍ കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിലാണു യാന്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. യാനിനെ ഇന്നലെ കൊച്ചിയിലെ ഫോറിനേഴ്സ് റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫീസി(എഫ്ആര്‍ആര്‍ഒ)ല്‍ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ടൂറിസം വിസയിലാണു യാന്‍ കേരളത്തിലെത്തിയത്.
21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാന്‍ താമസിക്കുന്നത്. ഇവിടെ രാവിലെ എത്തിയ എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങള്‍ യാനെയോട് ചോദിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണു കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി എഫ്ആര്‍ആര്‍ഒ ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തത്. ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാര്‍ച്ച് വരെ വിസാ കാലാവധിയുണ്ട്. 2014 മുതല്‍ യാന്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
Read Also: പൗരത്വപ്രക്ഷോഭം: കൊച്ചിയില്‍ നോര്‍വെ സ്വദേശിനി നാടുകടത്തല്‍ ഭീഷണിയില്‍
വിദേശപൗരന്മാര്‍ പ്രതിഷേധങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കെടുക്കരുതെന്നാണ് ഇന്ത്യന്‍ വിസാചട്ടം നിഷ്‌കര്‍ഷിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എഫ്ആര്‍ആര്‍ഒയാണു രാജ്യത്തെത്തുന്ന വിദേശപൗരന്മാരുടെ റജിസ്ട്രേഷന്‍, സഞ്ചാരം, താമസം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനു ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡന്‍താലിനെ ഒരു സെമസ്റ്റര്‍ ബാക്കിനില്‍ക്കെയാണു രാജ്യത്തുനിന്നു പുറത്താക്കിയത്. ട്രിപ്സണ്‍ സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ ഉപരിപഠനത്തിന് എത്തിയതായിരുന്നു ജേക്കബ്.