കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികള്‍ ഇന്ന് നടക്കും. എറണാകുളം മറൈന്‍ ഡ്രൈവിലാണ് പ്രതിഷേധ സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി എറണാകുളത്ത് വിവിധയിടങ്ങളിലായി ഇന്ന് ഗതാഗത നിയന്ത്രണവും ഉണ്ടാകും.
ബുധനാഴ്‌ച വെെകിട്ടു മൂന്നു മുതല്‍ രാത്രി ഒന്‍പത് വരെ അരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമ കൊച്ചി, കാക്കനാട്, ആലുവ, വരാപ്പുഴ, വൈപ്പിന്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ എറണാകുളം നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കൊച്ചി പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു.
അരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമ കൊച്ചി, കാക്കനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തിനായി എത്തിച്ചേരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജങ്ഷന് വടക്കു ഭാഗത്തുള്ള എസ്ബിഐ ബാങ്കിന് മുന്നില്‍ ആളെയിറക്കി ഇടപ്പള്ളി വഴി കണ്ടെയ്‌നര്‍ റോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
Read Also: പുതുവർഷ ആഘോഷം; ഫോർട്ട്കൊച്ചിയിൽ ഗതാഗത നിയന്ത്രണം
ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി എന്‍എച്ച്-17 ല്‍ പ്രവേശിച്ച് ആളെ ഇറക്കിയ ശേഷം കണ്ടെയ്‌നര്‍ റോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പറവൂര്‍, കൊടുങ്ങല്ലൂര്‍, വരാപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി എന്‍എച്ച്-17 ലുലു മാളിന് സമീപം ആളെ ഇറക്കിയ ശേഷം കളമശേരി വഴി കണ്ടെയ്‌നര്‍ റോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. വൈപ്പിന്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മുളവ്കാട് ജങ്ഷനില്‍ ആളെ ഇറക്കി കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം.
സമ്മേളനം നടക്കുന്ന സമയത്ത് ബിടിഎച്ച് ജംങ്ഷന്‍ മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെ പാര്‍ക്കിങ്ങും വാഹന ഗതാഗതവും ഉണ്ടായിരിക്കുന്നതല്ല. ബാനര്‍ജി റോഡില്‍ ഹൈക്കോടതി ജങ്ഷന്‍ മുതല്‍ ഇടപ്പള്ളി ബൈപ്പാസ് ജങ്ഷന്‍ വരെയും പാലാരിവട്ടം സെന്റ്.മാര്‍ട്ടിന്‍ പള്ളിക്ക് മുന്‍വശം മുതല്‍ പാലാരിവട്ടം ബൈപ്പാസ് ജങ്ഷന്‍ വരെയും റോഡിന്റെ ഇരുവശത്തും യാതൊരു പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ലെന്ന് പൊലീസ് അറിയിച്ചു.