തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നത കൂടുതല്‍ വഷളാകുന്നു. ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് സിപിഎം പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതായി കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഗവര്‍ണര്‍ അനാവശ്യ ഇടപെടലുകളാണ് നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയെയും, സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ളതല്ല ഗവര്‍ണര്‍ സ്ഥാനം. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്ന് കോടിയേരി ലേഖനത്തില്‍ വിമര്‍ശിച്ചിരിക്കുന്നു.

Read Also: മമ്മൂട്ടിയുടെ തോളില്‍ ദുല്‍ഖര്‍, പ്രണവിന് മുത്തം നല്‍കി മോഹന്‍ലാല്‍; ഹൃദയം തൊടും ഈ വീഡിയോ

കേന്ദ്ര സര്‍ക്കാരിനെതിരെയും കോടിയേരി വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുകയാണ്. ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കോടിയേരി ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു.

സിപിഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിൽ കഴിഞ്ഞ ദിവസം ഗവർണറെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook