തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. മംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വടക്കന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.

മംഗളൂരിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവില്‍ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Read Also: പൗരത്വ ഭേദഗതി നിയമം: തെരുവിലിറങ്ങി പ്രതിഷേധിച്ച് പാര്‍വതിയും

കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പ്പിലാണ് മംഗളൂരുവിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. രാത്രി ഏറെ വെെകിയാണ് രണ്ട് പേർ കൊല്ലപ്പെട്ട വിവരം പൊലീസ് പുറത്തുവിടുന്നത്. ഉത്തർപ്രദേശിലും പൊലീസ് വെടിവയ്‌പ്പിനെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. തിരുവനന്തപുരത്ത് എസ്എഫ്ഐ, ഡിവെെഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാകുകയും പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്‌തിരുന്നു.

Read Also: തൃശൂർ കൊടുത്തിട്ടില്ല, പിന്നല്ലെ ഇന്ത്യ; വേറിട്ട പ്രതിഷേധം

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.