കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരേയും കേരള കത്തോലിക്ക മെത്രാന് സമിതി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിവാദ ലേഖനം. പൗരത്വ നിയമത്തിനെതിരേ രാഷ്ട്രീയപാര്‍ട്ടികള്‍ വേണ്ടത്ര ചിന്തയില്ലാതെയാണു സമരത്തിനിറങ്ങിയതെന്നു കുറ്റപ്പെടുത്തുന്ന ലേഖനം ചൊവ്വാഴ്ച ജന്മഭൂമിയിലാണു പ്രസിദ്ധീകരിച്ചത്.
കുടിയേറ്റത്തിന്റെ കാരണങ്ങള്‍ ചികയുന്ന ലേഖനം, മതപ്രചാരണത്തിനും മതരാഷ്ട്ര സ്ഥാപനത്തിനുമുള്ള വ്യക്തിപരവും സാമൂഹികവുമായ കടമയെന്ന നിലയില്‍ പലായനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ ബുദ്ധികേന്ദ്രത്തിന്റെയോ വ്യക്തികളുടേയോ പ്രവര്‍ത്തനം എന്നതിനേക്കാള്‍ ലോകമാകെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാം എന്ന റാഡിക്കല്‍ മൂവ്മെന്റിന്റെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശക്തികളുടെയും സമ്മിശ്ര പ്രവര്‍ത്തന ഫലമാണിതെന്നു പഠനങ്ങള്‍ തെളിയിക്കുന്നതായും ലേഖകന്‍ സമർഥിക്കുന്നു.
പൊളിറ്റിക്കല്‍ ഇസ്ലാമെന്ന റാഡിക്കല്‍ മൂവ്മെന്റാണു രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നമെന്നു ലേഖകൻ പറയുന്നു. രാജ്യത്ത് ബിജെപിയൊഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ആഗോള പൊളിറ്റിക്കല്‍ ഇസ്ലാം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ വിശകലനം ചെയ്യുകയോ അതിനെ എങ്ങനെ നേരിടണമെന്നു നയപരമായി തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നാണു ലേഖകന്റെ നിലപാട്. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിനുള്ള ധൈര്യം ഉടനെയെങ്ങും ഉണ്ടാവില്ലെന്നും ലേഖകന്‍ കുറ്റപ്പെടുത്തുന്നു.
ആഗോള പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധമുള്ള പൊളിറ്റിക്കല്‍ പ്രസ്ഥാനങ്ങളും പാര്‍ട്ടികളും രാജ്യത്ത് ശക്തിയാര്‍ജിക്കുന്നുണ്ട്. ഇതുമൂടിവച്ച് പ്രവര്‍ത്തിക്കേണ്ടതു വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം കണ്ണുവച്ച മുഖ്യധാരാ കക്ഷികള്‍ ചുമതലയായി ഏറ്റെടുത്തതാണ് ബിജെപി രാഷ്ട്രീയത്തെ പൊതുവില്‍ ന്യൂനപക്ഷ വിരുദ്ധമാക്കുന്നത്.
പൊളിറ്റിക്കല്‍ ഇസ്ലാം എന്ന മനുഷ്യവിരുദ്ധ പ്രസ്ഥാനത്തെ സംബന്ധിക്കുന്ന തിരിച്ചറിവ് ഒഴിവാക്കിക്കൊണ്ട് ലോകത്ത് ഒരിടത്തും ഇനി രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാവുകയില്ല. ഇവരുടെ രാഷ്ട്രീയ പ്രക്രിയയുടെ പശ്ചാത്തലം ഒഴിവാക്കി ബിജെപിയുടെ ദേശീയ, സാംസ്കാരിക രാഷ്ട്രീയത്തെ വിലയിരുത്തുന്നത് വികലവും ഭാഗികവും സംഘര്ഷഭരിതവുമായിരിക്കുമെന്നും ലേഖകന്‍ പറയുന്നു.
Read Also: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: അസം സന്ദർശനം ഒഴിവാക്കി പ്രധാനമന്ത്രി
ആരാണ് യഥാര്‍ഥ രാജ്യസ്നേഹികള്‍, ഭാരത സംസ്കാരത്തിന്റെ യഥാര്‍ഥ പിന്മുറക്കാര് തുടങ്ങിയ അനാരോഗ്യകരവും അപകടകരവുമായ ചര്‍ച്ചകള്‍ക്കു പകരം തുറന്ന സംവാദങ്ങളാണ് ആവശ്യം. ഹിന്ദുത്വത്തെ എതിര്‍ക്കാനെന്ന പേരില്‍ ഇസ്ലാംവത്കരണത്തിന്റെ ഏജന്റുമാരായി മാറിയിട്ടില്ലെന്നു രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അന്ധമായ ബിജെപി വിരോധം മറ്റുരാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കുകയേ ഉള്ളൂ. ഇപ്പോള്‍ രാജ്യത്തു നടക്കുന്ന അക്രമാസക്തമായ കോലാഹലങ്ങള്‍ കൊണ്ടു വിപരീതഫലങ്ങളെ ഉണ്ടാകൂയെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം, കെസിബിസി ബിജെപിയുടെ ചട്ടുകമാകുന്നുവോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു സഭാ സുതാര്യ സമിതി(എഎംടി) ആരോപിച്ചു.
ലേഖനം കേരള കത്തോലിക്കാ സഭയുടെ ഔദോഗിക നിലപാടാണോയെന്ന് കെസിബിസി വ്യക്തമാക്കണമെന്നും എഎംടിപ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അടുത്തിടെയായി പേടികൊണ്ടോ കള്ളത്തരം ഉള്ളതുകൊണ്ടോ ഹിന്ദുത്വ വര്‍ഗീയതക്ക് കുട പിടിക്കുന്നത് ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുടെ രീതിയായി മാറിയിരിക്കുകയാണെന്നും എഎംടി വക്താക്കളായ ഷൈജു ആന്റണിയും റിജു കാഞ്ഞൂക്കാരനും ആരോപിച്ചു.
രാജ്യം മുഴുവന്‍ സിഎഎയെയും എന്‍ആര്‍സിയെയും എതിര്‍ക്കുന്നത് അത് ഇസ്ലാമിന്റെ പ്രശ്നമായതു കൊണ്ടല്ല. മറിച്ച് ഭരണഘടനാ പ്രശ്നമായതുകൊണ്ടാണ്. മതത്തിന്റെ പേരില്‍ വേര്‍തിരിവ് അനുവദിച്ചുകൂടാ. ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ കെസിബിസി മറന്നുപോയോയെന്നും എഎംടി ചോദിച്ചു.