തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയിൽ പ്രശസ്ത എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരൻ അക്കാദമി ജനറൽ കൗൺസിൽ അംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി ചെയർമാന് കൈമാറി.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ സാഹിത്യ സാംസ്​കാരിക മേഖലകളിലെ 107ഓളം പ്രമുഖർ ഒപ്പിട്ട്​ സംയുക്​ത പ്രസ്​താവന മുഖ്യമന്ത്രിക്ക്​ സമർപ്പിച്ചിരുന്നു. പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറി കടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് കാണിച്ചാണ് കത്ത് നല്‍കിയത്.

ഇതേത്തുടർന്ന് വിവാദങ്ങളും ഉടലെടുത്തിരുന്നു. ജേതാക്കൾക്ക് മുഖ്യമന്ത്രിയാണ് പുരസ്കാരം നൽകേണ്ടത്. മു​ഖ്യാ​തി​ഥി​യെ ക്ഷ​ണി​ക്കു​ന്ന​ത്​ ജേ​താ​ക്ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നുമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ വിവാദങ്ങളെ വകവയ്ക്കാതെ സർക്കാർ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുകയായിരുന്നു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാലും വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് എട്ടിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.