തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം ഒത്തുതീർക്കാൻ വിദ്യാഭ്യാസ മന്ത്രി എത്തിയത് മാനേജ്മെന്റ് പ്രതിനിധി ആയിട്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ചർച്ചയിൽ വിദ്യാഭ്യാസമന്ത്രി മാനേജുമെന്റ് പ്രതിനിധിയായി പങ്കെടുക്കുന്ന അത്യപൂർവമായ കാഴ്ചയാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇതാണ് ഇടതുപക്ഷത്തിന്റെ വേറിട്ട ഭരണം. വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ഇനിമുതൽ രാഷ്ട്രീയപാർട്ടികൾ ഇടപെടരുതെന്ന് യച്ചൂരിയുടെ ഉപദേശവും. ജെ. എൻ. യുവിലും ഹൈദരബാദിലും ഈ മഹാൻ പോയത് പിന്നെ വടയും ചായയും കഴിക്കാനായിരുന്നോ? വിദ്യാർത്ഥികൾ പൊതുസമൂഹത്തിന്രെ ഭാഗമല്ലെന്നുള്ളത് സി പി എമ്മിന്റെ പുതിയ നിലപാടാണോ? ഏതായാലും നിങ്ങളുടെ ഇരട്ടമുഖം ഇതോടെ കൂടുതൽ വ്യക്തമായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രൊഫസർ സി രവീന്ദ്രനാഥ് വിളിച്ച യോഗം വീണ്ടും പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കിടെ ക്ഷുഭിതനായ മന്ത്രി പാതിവഴിയിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മാനേജ്മെന്റിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, ലക്ഷ്മി നായർ രാജി വയ്ക്കണമെന്ന നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയടടെയാണ് ചർച്ച വഴിമുട്ടിയത്. തുടർന്ന് ക്ഷുഭിതനായ മന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടര്‍ന്നു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ