മുംബൈ: സഹോദരന്രെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയേറുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് വേദിയിലാണ് ശ്രീജിത്തിന് ഐക്യദാർഢ്യവുമായി ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങൾ രംഗത്ത് വന്നത്. മലയാളികളുടെ പ്രിയതാരം സി.കെ.വിനീതും റിനോ ആന്റോയുമാണ് പരസ്യമായി ശ്രിജിത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്.

മുംബൈക്കെതിരായ മൽസരത്തിനൊടുവിലാണ് ശ്രീജിത്തിന് പിന്തുണയുമായി താരങ്ങൾ രംഗത്ത് വന്നത്. നീതിക്കായി കേഴുന്ന ശ്രീജിത്തിനൊപ്പം തങ്ങളും ഉണ്ടെന്നും താങ്കളുടെ പോരാട്ടത്തിന് ഞങ്ങളും ഒപ്പമുണ്ടെന്നും വിനീത് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

സമൂഹത്തിലെ നാനാ വിഭാഗങ്ങളിലുള്ള ജനങ്ങൾ ഇന്നലെ ശ്രീജിത്തിന്റെ സമരപന്തലിൽ എത്തി. ചലച്ചിത്രതാരം ടൊവിനോ തോമസ് സമരപന്തലിൽ എത്തി ശ്രീജിത്തിനെ നേരിട്ട് കണ്ട് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ​ നിന്ന് നിരവധി പ്രമുഖരാണ് ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. സഹോദരൻ ശ്രീജിവ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസം പിന്നിടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ