തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന സി.കെ.പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സമരം ഏറ്റെടുത്തത്. ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം തുടങ്ങി.
ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് പത്മനാഭന് സമരം അവസാനിപ്പിച്ചത്. സമരം തുടങ്ങി 11-ാം ദിവസമാണ് അദ്ദേഹം സമരം അവസാനിപ്പിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്നത്. ആദ്യം സമരം ആരംഭിച്ച എ.എന്‍.രാധാകൃഷ്ണന്റെ നില മോശമായതിനെ തുടര്‍ന്നാണ് സി.കെ.പത്മനാഭന് സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്. എട്ട് ദിവസം നിരാഹാരം ഇരുന്നതിന് ശേഷമാണ് രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, സമരപരിപാടികളുടെ ഭാവി തീരുമാനിക്കാൻ ബിജെപിയുടെ കോർ കമ്മിറ്റിയും ഭാരവാഹിയോഗവും ഇന്ന് ചേരുന്നുണ്ട്. സമരത്തിന് തീവ്രത പോരെന്ന പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കിടെയാണ് യോഗം ചേരുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിൽ നടത്തിയ ഹർത്താലിനെ കുറിച്ചും ചർച്ചയുണ്ടാകും. ഹർത്താൽ ജനവികാരം എതിരാക്കിയെന്ന വിമർശനം മുരളീധരപക്ഷത്തിനുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തെകുറിച്ചും യോഗം ചർച്ച ചെയ്യും. ഈ മാസം അവസാനം ഷാ എത്തുമെന്നാണ് അറിയിച്ചത്.