തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫിന് മുന്നേറ്റം. 24 വാര്‍ഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 12 വാര്‍ഡുകൾ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു. കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോർപറേഷൻ, എഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
തൃപ്പുണിത്തുറ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി. ഇതോടെ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. എന്നാൽ 23 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരും.
കൊച്ചിൻ കോർപറേഷനിലെ 62–-ാം ഡിവിഷനായ എറണാകുളം സൗത്ത് ബിജെപി നിലനിർത്തി. 77 വോട്ടുകളുമായാണ് പദ്മജ എസ്.മേനോൻ ജയമുറപ്പിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. അത്താണിയിൽ ജയിച്ചതോടെ നെടുമ്പാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫ് നിലനിർത്തി. അതേസമയം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
കണ്ണൂർ കോർപറേഷനിലെ കക്കാട് വാർഡ് യുഡിഎഫ് നിലനിർത്തി. മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡിലും ബിജെപി ജയിച്ചു. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർഡുകൾ സിപിഎം നിലനിർത്തി.
പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് 5–ാം വാർഡിൽ എൽഡിഎഫ് ജയിച്ചു. വർഷങ്ങളായി യുഡിഎഫിന്റെ കയ്യിലായിരുന്നു ഈ വാർഡ്. അതേസമയം, കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാർഡ് യുഡിഎഫ് നിലനിർത്തി.
കോട്ടയം ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡ് ബിജെപി നിലനിർത്തി. തൃശൂർ തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിൽ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കുഴൂർ നാലാം വാർഡ് യുഡിഎഫ് നിലനിർത്തി. വടക്കാഞ്ചേരി നഗരസഭ ഒന്നാംകല്ല് വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിലും മുരിയാട് 13–ാം വാർഡിലും എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫും നിലനിർത്തി.
ഇടുക്കി അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് ചേമ്പളം വാർഡ് എൽഡിഎഫ് നിലനിർത്തി. ഉടുമ്പന്നൂർ പഞ്ചായത്തിലെ ഒരു സീറ്റ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇടമലക്കുടിയിലെ സീറ്റ് ബിജെപി നിലനിർത്തി.
പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ കൂടല്ലൂർ വാർഡിലും ചെർപ്പുളശേരി നഗരസഭ കോട്ടക്കുന്ന് വാർഡിലും എൽഡിഎഫ് വിജയിച്ചു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺഗ്രസ് വിജയിച്ചു. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി.
മലപ്പുറം കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡും ആലംകോട് പഞ്ചായത്തിലെ എല്‍ഡിഎഫ് വാര്‍ഡും യുഡിഎഫ് പിടിച്ചെടുത്തു. വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ അരശുംമൂട് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ് എൽഡിഎഫ് നിലനിർത്തി. കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് യുഡിഎഫ് നിലനിർത്തിയപ്പോൾ നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡ് എൽഡിഎഫ് നിലനിർത്തി.
Also Read: തീവ്രമഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്