തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആവേശങ്ങൾക്കിടെ സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് കോർപറേഷൻ, എഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുക. ഇതിൽ 79 പേർ സ്ത്രീകളാണ്. 36,940 പുരുഷന്മാരും 41,144 സ്ത്രീകളും ഉൾപ്പെടെ ആകെ 77,634 വോട്ടർമാരാണ് ഉള്ളത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്.
അതേസമയം, തൃക്കാക്കരയിൽ കനത്ത മഴയിലും തിരഞ്ഞെടുപ്പ് ചൂട് ഏറുകയാണ്. പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ തിരഞ്ഞെടുപ്പിന്റെ ചിത്രംതെളിഞ്ഞു. ആകെ എട്ട് പേരാണ് തൃക്കാക്കരയിൽ ജനവിധി തേടുക. സൂക്ഷ്‌മ പരിശോധന കഴിഞ്ഞപ്പോൾ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഇവരാരും പത്രിക പിൻവലിച്ചില്ല.
Also Read: കനത്ത മഴ ഇന്നും തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച്