തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ, വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം സംസ്ഥാന നേതൃത്വമാണ് വി.കെ പ്രശാന്തിന്റെ പേര് നിർദ്ദേശിച്ചത്. നിർദ്ദേശം എ.വിജയരാഘവൻ ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പ്രശാന്ത് വേണ്ടെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റിയെന്നാണു വിവരം.

വി.കെ. പ്രശാന്ത്, മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം.വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ എന്നിവരുടെ പേരുകളായിരുന്നു സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍. എന്നാൽ യുവാക്കൾക്കിടയിൽ പ്രശാന്തിനു നല്ല പിന്തുണയുള്ളതിനാല്‍ വിജയസാധ്യത കൂടുതലാണെന്നാണു നേതൃത്വം കരുതുന്നത്.

Read More: ഉപതിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ഥികളെ 27ന് പ്രഖ്യാപിക്കും

ചര്‍ച്ചകള്‍ക്കു ശേഷം 27നായിരിക്കും സ്ഥാനാര്‍ഥികളുടെ അന്തിമ പ്രഖ്യാപനം നടക്കുക. സെപ്റ്റംബര്‍ 29,30 തീയതികളിലായിരിക്കും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം. മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സെപ്റ്റംബര്‍ 29 നായിരിക്കും മണ്ഡലം കണ്‍വെന്‍ഷന്‍. എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ സെപ്റ്റംബര്‍ 30 ന് കണ്‍വെന്‍ഷന്‍ നടക്കും. പഞ്ചായത്ത്, ബൂത്ത് തലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം ഒക്ടോബര്‍ അഞ്ചിന് പൂര്‍ത്തിയാക്കുമെന്നും കഴിഞ്ഞദിവസം എ. വിജയരാഘവന്‍ പറഞ്ഞു.

നിലവിൽ അരൂർ മണ്ഡലം മാത്രമാണു സിപിഎമ്മിന്റെ കെെവശമുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു നാല് മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം മറികടക്കാൻ എൽഡിഎഫിനും സിപിഎമ്മിനും ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.

ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് യുഡിഎഫും. മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് മത്സരിക്കുമ്പോൾ മറ്റ് നാല് സീറ്റുകളിലും സ്ഥാനാർഥി കോൺഗ്രസിൽ നിന്നായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളെല്ലാം കെപിസിസി വിലക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് പരസ്യപ്രസ്താവനകള്‍ വിലക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ അറിയിച്ചു. നാളെ കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചേരും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാൻ കെപിസിസിയില്‍ ധാരണയായിട്ടുണ്ട്.

ബിജെപി കോർകമ്മിറ്റി ചേർന്ന് സാധ്യതാ പട്ടിക തയ്യാറാക്കി കഴിഞ്ഞു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും ശ്രീധരൻപിള്ളയ്ക്കുമൊപ്പം വി.വി.രാജേഷിന്റെ പേരും എൻഡിഎ സ്ഥാനാർഥികളായി പരിഗണനയിലുണ്ട്. കുമ്മനത്തിന്റെ കാര്യത്തിൽ ആർഎസ്എസ് അന്തിമ തീരുമാനമെടുക്കും. കോന്നിയിൽ ശോഭാ സുരേന്ദ്രനും സാധ്യതയേറി.

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.