തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന് ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ വി.കെ.പ്രശാന്ത് ലീഡ് ചെയ്യാന്‍ തുടങ്ങി. 169 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലെ വോട്ടാണ് ആദ്യം എണ്ണുന്നത്. ഇവിടെയാണ് വി.കെ.പ്രശാന്ത് ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ അട്ടിമറി വിജയം നേടുമെന്ന് വി.കെ.പ്രശാന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു. എല്‍ഡിഎഫിനും വട്ടിയൂര്‍ക്കാവില്‍ വലിയ പ്രതീക്ഷയുണ്ട്. വാശിയേറിയ ത്രികോണ മത്സരമാണ് വട്ടിയൂര്‍ക്കാവില്‍ നടന്നത്.

1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ആകെയുള്ളത്. പോൾ ചെയ്ത 1,23,804 പേരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡറും. മണ്ഡലത്തിലെ പുരുഷ വോട്ടർമാരിൽ 64.89 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്.

Read Also: Kerala Election 2019 Result Live: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പിന്റെ മണിക്കൂര്‍; വോട്ടെണ്ണല്‍ ആരംഭിച്ചു

വട്ടിയൂർക്കാവ് കൂടാതെ അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിനു തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ​ വോട്ടുകളാണ് ആദ്യം എണ്ണിയത്. 12 റൗണ്ടുകളിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയാകുക. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാൻ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.