കോഴിക്കോട്: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഏറെ ചര്‍ച്ചയായി സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ ആര് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 2016 ല്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതോടെ ബിജെപി കേന്ദ്രങ്ങളിലും വിഷയം ചര്‍ച്ചയായി. എന്നാല്‍, കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ബിജെപി തള്ളി കളയുന്നില്ല.
Read More: ‘ഉള്ളി സുര’ എന്ന വിളി ഇഷ്ടമല്ല: കെ.സുരേന്ദ്രൻ
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെ.സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടിയായിരിക്കും. സുരേന്ദ്രന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. പാര്‍ട്ടി തീരുമാനം എന്തായാലും അദ്ദേഹം അത് അനുസരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നാണ് കെ.സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ് വ്യക്തിപരമായ തീരുമാനം. അതുകൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More: ശബരിമലയില്‍ നിയമനിര്‍മ്മാണം വേണം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരന്‍പിള്ള
മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതകളും സുരേന്ദ്രന്‍ തള്ളി കളഞ്ഞു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാകണമെങ്കില്‍ അവിടെ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് ഉറപ്പിച്ചാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് ഏതെങ്കിലും പ്രാദേശിക നേതാക്കള്‍ മത്സരിക്കട്ടെ എന്നും സുരേന്ദ്രന്‍ പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേയിലാണ് സുരേന്ദ്രന്റെ പ്രതികരണം. മഞ്ചേശ്വരത്ത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.
കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്
എംഎൽഎമാരായ നാല് പേരാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ഇവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് ലോക്‌സഭയിലേക്ക് എത്തിയിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുന്നതിനാല്‍ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
Read More: ‘ബ്രണ്ണനില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ മദ്യപിക്കാനായി എന്നെയും വിളിച്ചു, പക്ഷെ…’: മുഖ്യമന്ത്രി
ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്നു പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (യുഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.