തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. ഇന്നലെ വൈകീട്ട് കൊട്ടിക്കലാശത്തോടു കൂടിയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടത്തും കലാശക്കൊട്ട് ആവേശകരമായിരുന്നു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എന്‍ഡിഎയുടേയും പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളും കലാശക്കൊട്ട് ആവേശമാക്കി.

Read Also: ചൈതന്യമുള്ള നേതാവായ സുരേന്ദ്രനെ താറടിച്ച് കാണിക്കുന്നു; ന്യായീകരിച്ച് ശ്രീധരന്‍പിള്ള

ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ പ്രചരണത്തിന്റെ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കോന്നി ടൗണിലാണ് സംഭവമുണ്ടായത്. അനുവദിച്ചിരുന്ന സ്ഥലം മറികടന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോയത് പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഉന്തും തള്ളുമുണ്ടായി. പ്രശ്‌നം പെട്ടെന്നു തന്നെ പരിഹരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. കള്ളവോട്ട് തടയുന്നതിനു വേണ്ടിയാണ് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോവില്‍ പകര്‍ത്താന്‍ തീരുമാനിച്ചത്‌.

Read Also: രജനിയെ സൂപ്പര്‍ സ്റ്റാറാക്കിയ പ്രണയിനി; ആദ്യ പ്രണയത്തെ കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ തലൈവര്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബൂത്ത് പിടിത്തം, കള്ളവോട്ട് എന്നിവ തടയാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.