Kerala Byelection 2019: Ernakulam Constituency: കൊച്ചി: തങ്ങളുടെ ഉറച്ച കോട്ടയെന്നാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തെയും നിയമസഭാ മണ്ഡലത്തെയും വര്‍ഷങ്ങളായി കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. വെറും വിജയമല്ല, അത്ഭുതപ്പെടുത്തുന്ന വിജയം തന്നെ എറണാകുളം തങ്ങള്‍ക്കു സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇക്കുറിയും യുഡിഎഫ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി.ജെ. വിനോദിനെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള ഒരുക്കങ്ങളാണു കോണ്‍ഗ്രസ് നടത്തുന്നത്. കൊച്ചി ഡപ്യൂട്ടി മേയറും ഡിസിസി അധ്യക്ഷനുമാണ് വിനോദ്.
എങ്ങനെയും എറണാകുളം ചാടികടക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. പൊതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി മനു റോയിയെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകനായ കെ.എം.റോയിയുടെ മകനാണ് മനു റോയ്. ഹെെക്കോടതി അഭിഭാഷകനായ മനു കോളേജ് പഠനക്കാലത്ത് എസ്‌എഫ്‌ഐ സംഘടനയിലെ സജീവ പ്രവർത്തകനുമായിരുന്നു. ബിജെപിയും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ ബിജെപി തീരുമാനമെടുത്തിട്ടില്ല.
Read Also: ഉപതിരഞ്ഞെടുപ്പ്: പുതുമുഖങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
എറണാകുളത്തെ ചരിത്രം എല്‍ഡിഎഫിന് ആശിക്കാന്‍ വക നല്‍കുന്നില്ല. 1998 ലെ ഉപതിരഞ്ഞെടുപ്പിലാണ് അവസാനമായി എറണാകുളത്ത് ഒരു ഇടത് സ്ഥാനാര്‍ഥി വിജയിച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോളാണ് അന്ന് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ എറണാകുളത്തെ ഇടതിന് അനുകൂലമാക്കിയത്. പിന്നീടിങ്ങോട്ട് 21 വര്‍ഷങ്ങളിലായി അഞ്ച് തിരഞ്ഞെടുപ്പുകള്‍ (ഒരു ഉപതിരഞ്ഞെടുപ്പ് അടക്കം) എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നടന്നു. ഇതിലെല്ലാം കോണ്‍ഗ്രസിനൊപ്പമായിരുന്നു മണ്ഡലം. ഇത്തവണയും വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് കണക്കുകൂട്ടാന്‍ കാരണവും ഇതുതന്നെ.
എംഎല്‍എയായിരുന്ന ഹൈബി ഈഡന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ടാണ് എറണാകുളം നിയമസഭാ മണ്ഡലത്തില്‍നിന്നു ഹൈബി ഈഡന് ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഹൈബിക്ക് ലഭിച്ചത് 61,220 വോട്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി. രാജീവിന് ലഭിച്ചത് 30,742 വോട്ടും. ബിജെപി സ്ഥാനാര്‍ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 17,769 വോട്ടുകള്‍ ലഭിച്ചു.
Read Also: എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുമായുള്ള അഭിമുഖം വായിക്കാം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഹൈബി ഈഡന് 57,819 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി എം.അനില്‍കുമാറിന് 35,870 വോട്ടാണ് നേടാന്‍ സാധിച്ചത്. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത് 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഇത്തവണയും സമാന വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
എറണാകുളത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 1,53,838 ആണ്. ഇതില്‍ 78,302 പേര്‍ വനിതകളും 75,533 പേര്‍ പുരുഷന്‍മാരും മൂന്ന് പേർ ട്രാൻസ്‌പേഴ്‌സൺസുമാണ്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍, ചേരാനല്ലൂര്‍ പഞ്ചായത്ത് എന്നിവ അടങ്ങിയതാണ് എറണാകുളം നിയമസഭാ മണ്ഡലം. എറണാകുളം അടക്കമുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്‌ടോബർ 21 നാണ് വോട്ടെടുപ്പ് നടക്കുന്നത്.