തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് രാത്രി വരെയാണ് പരസ്യ പ്രചാരണത്തിനു അനുമതിയുള്ളത്. ഇന്ന് രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തും. വൈകീട്ട് പ്രമുഖ നേതാക്കളെ അണിനിരത്തിയുള്ള റോഡ് ഷോ അടക്കമുള്ള പരിപാടികളാണ് മുന്നണികള്‍ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച (നാളെ) നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്.

വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് കൈവശം വച്ചിരിക്കുന്നത്. ബിജെപിക്ക് നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

ജാതിസമവാക്യങ്ങളിലൂന്നിയായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എന്‍എസ്‌എസ് സ്വീകരിച്ച നിലപാടും ശബരിമല വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായി. എന്‍എസ്എസിന്റെ ശരിദൂര നിലപാട് തങ്ങള്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പലയിടത്തു എന്‍എസ്എസ് നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍എസ്എസിന്റെ പരസ്യ നിലപാട് തങ്ങള്‍ക്ക് വിനയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മും ബിജെപിയും. എന്‍എസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞതും അതുകൊണ്ടാണ്.

ശബരിമലയും ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമായി. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് ശബരിമല വിഷയത്തെ കണ്ടത്. എന്നാല്‍, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് സിപിഎം കുറ്റപ്പെടുത്തുന്നുമുണ്ട്.

ഒക്ടോബര്‍ 21 തിങ്കളാഴ്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.