കൊച്ചി: സാമുദായിക സമവാക്യങ്ങളില്‍ കുടുങ്ങി കോണ്‍ഗ്രസിലെ സീറ്റ് വിഭജനം. കോന്നിയില്‍ അടൂര്‍ പ്രകാശ് വിഭാഗം റോബിന്‍ പീറ്ററെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ബന്ധത്തിലാണ്. എന്നാല്‍, സാമുദായിക സമവാക്യങ്ങള്‍ നോക്കി വേണം കോന്നിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതെന്ന് ഡിസിസി വാദിക്കുന്നു. റോബിന്‍ പീറ്ററെ മാറ്റാന്‍ സമ്മര്‍ദമുണ്ടെങ്കിലും അടൂര്‍ പ്രകാശ് സ്വീകരിക്കുന്ന നിലപാട് കെപിസിസിയെ പ്രതിസന്ധിയിലാക്കുന്നു.

റോബിന്‍ പീറ്ററെ മാറ്റി പി.മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. അടൂര്‍ പ്രകാശിനോട് താല്‍പര്യമുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗം അത് അംഗീകരിക്കുന്നില്ല. റോബിന്‍ പീറ്ററിനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭവനു മുന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Read Also: വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം

ഹിന്ദു സ്ഥാനാർഥിക്കായി എൻഎസ്എസിന്റെ ഭാഗത്ത് നിന്നും കോൺഗ്രസിന് സമ്മർദ്ദമുണ്ടായിരുന്നു. അതേസമയം റോബിൻ പീറ്ററെ മാറ്റുന്നതിൽ ഓർത്തഡോക്‌സ് സഭയിൽ നിന്ന് പ്രതിഷേധ സ്വരമുയർന്നിട്ടുണ്ട്. റോബിൻ പീറ്ററെ മാറ്റരുതെന്നാണ് സഭയുടെ അഭിപ്രായം. എന്നാല്‍, ഈഴവ സ്ഥാനാര്‍ഥിയെ വേണമെന്ന് ഡിസിസിയും ആവശ്യപ്പെടുന്നു.

വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് പകരം, കെ.മോഹൻകുമാർ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കെ.മുരളീധരനെ അനുനയിപ്പിച്ച ശേഷമാണ് വട്ടിയൂർക്കാവിൽ മോഹൻ കുമാർ എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിച്ചേർന്നത്. പീതാംബര കുറുപ്പിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു മുരളീധരന്റെ ആഗ്രഹം. എന്നാൽ, പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പ് കണക്കിലെടുത്ത് പീതാംബര കുറുപ്പിനെ മാറ്റാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Read Also: ഉള്ളിക്കിപ്പോ എന്താ വില! ട്രോളി സോഷ്യല്‍ മീഡിയയും

അരൂരിൽ യുവനേതാവ് എസ്.ദീപുവിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അരൂരിലെയും കോന്നിയിലെയും സാഹചര്യം പരിഗണിച്ച് എ,ഐ ഗ്രൂപ്പുകൾ സീറ്റ് വച്ചുമാറാനുള്ള സാധ്യതയും തള്ളികളയാൻ പറ്റില്ല. എറണാകുളത്ത് ഡിസിസി അധ്യക്ഷനും ഡപ്യൂട്ടി മേയറുമായ ടി.ജെ.വിനോദിനെ തന്നെയായിരിക്കും കോൺഗ്രസ് സ്ഥാനാർഥിയാക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.