തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽകൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും ഒരു സാമാജികൻ മരിച്ചതുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബർ 23നാകും മറ്റ് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. പത്രികകളുടെ സൂക്ഷമപരിശോധന ഒക്ടോബർ ഒന്നിന് നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ മൂന്നാണ്. ഒക്ടോബർ 21ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ 24നെത്തും.

Also Read: പേര് പോലും പറയാതിരുന്നിട്ടും എന്തിനിത്ര വേവലാതി; ചെന്നിത്തലയോട് പിണറായി

ഇനി വരുന്ന ദിവസങ്ങളിൽ പാലായിൽ തുടങ്ങി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അഞ്ച് മണ്ഡലങ്ങളിലേക്ക് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കും. അരയും തലയും മുറുക്കി മുന്നണികൾ ഇറങ്ങുമ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പിനും പാലാ ഉപതിരഞ്ഞെടുപ്പിനും ശേഷം മറ്റൊരു തിരഞ്ഞെടുപ്പ് കാലം ഉടൻതന്നെ കേരളത്തിൽ തുടക്കമാകുന്നു.

Also Read: പാലായില്‍ ആവേശോജ്വല കലാശക്കൊട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളില്‍ നിന്നായി ഒന്‍പത് എംഎല്‍എമാരാണ് മത്സരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും എല്‍ഡിഎഫില്‍ നിന്ന് ആറ് എംഎല്‍എമാരും. അതില്‍ നാല് പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്, എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍, വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് എന്നിവരാണ് എംപിമാരായത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനാലാണ് എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

മഞ്ചേശ്വരത്ത് എംഎൽഎ ആയിരുന്ന പി.ബി.അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്നാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പ് കേസ് നിലനിന്നിരുന്നതിനാലാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.