മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. യുഡിഎഫ് യോഗം നാളെ ചേരാനിരിക്കെയാണ് സ്ഥാനാർഥി നിർണയത്തിൽ ലീഗിനുളളിലെ അഭിപ്രായ വ്യത്യാസം. മഞ്ചേശ്വരത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണ്ടെന്ന നിലപാടിലാണ് ലീഗിലെ ഒരു വിഭാഗം.

എം.സി.കമറുദ്ദീനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്തുവന്നത്. പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളെല്ലാം കെപിസിസി വിലക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് പരസ്യപ്രസ്താവനകള്‍ വിലക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ അറിയിച്ചു. നാളെ കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചേരും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാൻ കെപിസിസിയില്‍ ധാരണയായിട്ടുണ്ട്.

Read Also: ദമ്പതികൾക്ക് മാംസാഹാരം നൽകിയ എയർ ഇന്ത്യയ്ക്ക് 47,000 രൂപ പിഴ

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സിപിഎമ്മിലും പുരോഗമിക്കുകയാണ്. എറണാകുളത്ത് പൊതുസമ്മതനായ നേതാവിനെ സ്ഥാനാര്‍ഥിയാക്കാൻ തീരുമാനമായി. മറ്റ് നാല് സീറ്റുകളിലും സിപിഎമ്മില്‍ നിന്നായിരിക്കും സ്ഥാനാര്‍ഥി.

ബിജെപി കോർകമ്മിറ്റി ചേർന്ന് സാധ്യതപട്ടിക തയ്യാറാക്കി കഴിഞ്ഞു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും ശ്രീധരൻപിള്ളയ്ക്കുമൊപ്പം വി.വി.രാജേഷിന്റെ പേരും എൻഡിഎ സ്ഥാനാർഥികളായി പരിഗണനയിലുണ്ട്. കുമ്മനത്തിന്റെ കാര്യത്തിൽ ആർഎസ്എസ് അന്തിമ തീരുമാനമെടുക്കും. കോന്നിയിൽ ശോഭാ സുരേന്ദ്രനും സാധ്യതയേറി.

വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21നാണു നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 നാണു ഫലപ്രഖ്യാപനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.