തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. എന്നാല്‍, വോട്ടുകച്ചവടം കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്നു മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപി ചിത്രത്തിലേ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കെ.മുരളീധരന്‍ നേരത്തെ ആരോപിച്ചിരുന്നു. 15,000 ത്തോളം പേരുകള്‍ രണ്ടു തവണ പട്ടികയിലുണ്ട്. ഇവരെല്ലാം സിപിഎം-ബിജെപി പ്രവർത്തകരാണ്. വോട്ടു മറിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മുരളീധരൻ പറഞ്ഞു. മന്ത്രി കെ.ടി.ജലീലിനെതിരായ മാർക്ക് ദാന വിവാദവും വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് വിഷയമാകുമെന്നും മുരളീധരൻ വ്യക്തമാക്കി.

Read Also: ശബരിമല വികസനം: മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ വോട്ടുകച്ചവട ആരോപണം കൂടുതൽ ശക്തമായി ഉന്നയിക്കുകയാണ് മൂന്ന് മുന്നണികളും. ബിജെപി സംസ്ഥാന അധ്യക്ഷനും വോട്ട് കച്ചവട ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മഞ്ചേശ്വരത്ത് സിപിഎം-കോൺഗ്രസ് വോട്ടുകച്ചവടമുണ്ടെന്നാണ് ശ്രീധരൻ പിള്ള ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, വോട്ടുകച്ചവട ആരോപണങ്ങളെ സിപിഎം നേരത്തെ തന്നെ തള്ളി കളഞ്ഞിരുന്നു. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണു കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കോന്നിയിലല്ല വേറൊരു മണ്ഡലത്തിലും സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുന്നതിനു പകരമായി കോന്നിയില്‍ സിപിഎം, കെ.സുരേന്ദ്രനെ സഹായിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വോട്ടുകച്ചവട ആരോപണമുന്നയിച്ചിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കാൻ കാരണം ബിജെപിയുടെ സഹായമാണെന്നും പാലായിൽ നടന്ന വോട്ടുകച്ചവടം മറ്റ് മണ്ഡലങ്ങളിലും നടത്താൻ സിപിഎമ്മും ബിജെപിയും പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് കോൺഗ്രസ് നേരത്തെ ആരോപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.