തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂട്ടിയും കിഴിച്ചും മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. അഞ്ച് സീറ്റുകളില്‍ മൂന്നിടത്ത് ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. പല സിപിഎം നേതാക്കളും രഹസ്യമായും പരസ്യമായും ഇക്കാര്യം പറയുകയും ചെയ്തു. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി ജയം നേടുമെന്ന വിലയിരുത്തലും സിപിഎമ്മിലുണ്ട്.

Read Also: Kerala Election 2019 Result Live: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പിന്റെ മണിക്കൂര്‍; വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

സിറ്റിങ് സീറ്റായ അരൂര്‍ നിലനിര്‍ത്തും. കോന്നിയും വട്ടിയൂര്‍ക്കാവും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. എന്നിങ്ങനെയാണ് ഇടുമുന്നണിയുടെ വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇത്തവണ അട്ടിമറി ജയം നേടുമെന്നാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വിലയിരുത്തുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവിലേക്ക് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമാണ് മൂന്ന് മുന്നണികളും വട്ടിയൂര്‍ക്കാവില്‍ നടത്തിയത്.

Read Also: ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; കൊച്ചി കോര്‍പറേഷനെതിരെ വിനായകന്‍

അതേസമയം, കോണ്‍ഗ്രസും ഉറച്ച പ്രതീക്ഷയിലാണ്. അഞ്ചിടത്തും വിജയപ്രതീക്ഷയുണ്ടെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. നേരത്തെ നാല് മണ്ഡലങ്ങളും കോണ്‍ഗ്രസിനൊപ്പമായിരുന്നു. അരൂര്‍ ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുക്കുമെന്നും കോണ്‍ഗ്രസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

അതേസമയം, ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് പരസ്യമായ പ്രസ്താവനകളൊന്നും ബിജെപി നേതാക്കള്‍ നടത്തുന്നില്ല. മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് ബിജെപി നേരത്തെ പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. ഇതില്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ബിജെപി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.

12 റൗണ്ടുകളിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയാകുക. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാൻ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.