ദുബായ്: വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം എം രാമചന്ദ്രന്‍ (അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു. അസുഖബാധിതനായിരുന്നു അദ്ദേഹം ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 80 വയസായിരുന്നു.
ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഏറെനാളായി അദ്ദേഹത്തിനുണ്ടായിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരയും മകള്‍ ഡോ. മഞ്ജുവും ഒപ്പമുണ്ടായിരുന്നു.
1942-ല്‍ തൃശൂരില്‍ ജനിച്ച രാമചന്ദ്രന്‍ ബാങ്ക് ജീവനക്കാരനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കം കുറിച്ച് ബിസിനസിലേക്ക് കടക്കുകയായിരുന്നു. അറ്റ്ലസ് ജ്വല്ലറി ആഗോള തലത്തില്‍ അറിയപ്പെട്ടു.
കുവൈറ്റില്‍ ആറ് ഷോറുമുകളായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ 1990-ല്‍ സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം നഷ്ടപ്പെട്ടു. തുടര്‍ന്ന് രാമചന്ദ്രന്‍ ദുബായിലെത്തി ആദ്യ ഷോറൂം തുറന്ന്. യുഎഇയില്‍ മാത്രം 19 ഷോറുമകളായി വ്യാപാരം വ്യാപിപ്പിച്ചു.
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യ വാചകമാണ് അദ്ദേഹത്തെ സുപരിചിതനാക്കിയത്.
പിന്നീട് വിവിധ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തിയ അദ്ദേഹം സിനിമാ നിര്‍മ്മാണത്തിലേക്കുമെത്തി. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015-ൽ ദുബായിൽ തടവിലായി. 2018 ജൂണിലാണ് അദ്ദേഹം ജയില്‍ മോചിതനായത്. ബിസിനസിലേക്ക് തിരിച്ചുവരുമെന്നും കടങ്ങളെല്ലാം വീട്ടുമെന്നും അദ്ദേഹം അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കോടികളുടെ ബാധ്യതകളുള്ളതിനാല്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല.
അറ്റ്ലസ് വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു. പങ്കാളികളെ കിട്ടാതെ പോയതാണ് ബിസിനസ് തിരിച്ചു പിടിക്കാനുള്ള രാമചന്ദ്രന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയായത്.