തിരുവനന്തപുരം: ബ്രിട്ടീഷ് തലസ്ഥാനനഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബസുകളില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകു’ എന്ന പരസ്യം കണ്ടാല്‍ അതിശയപ്പെടേണ്ട. കേരള ടൂറിസം വിഭാഗമാണ് പുതിയ രീതിയിലുളള ടൂറിസം ബ്രാന്‍ഡിംഗിനായി ബ്രിട്ടനിലെ ബസുകളെ തിരഞ്ഞെടുത്തത്. ‘ബസ് ബ്രാന്‍ഡിംഗ്’ എന്ന ഈ രീതിയിലൂടെ കേരളത്തിന്റെ പരസ്യം ലണ്ടന്‍ മുഴുവന്‍ ഓടുകയാണ്.

ആഗോളതലത്തില്‍ തന്നെയുളള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ലണ്ടനില്‍ റെഡ് ബസുകളില്‍ ഇത്തരത്തില്‍ ടൂറിസം പരസ്യം നല്‍കുന്നതെന്ന് ടൂറിസം അധികൃതര്‍ വ്യക്തമാക്കി. ലണ്ടനില്‍ അങ്ങോളമിങ്ങോളം ഒടുന്ന ഡബിള്‍ ഡെക്കര്‍ ബസുകളിലാണ് കേരളം തലയുയര്‍ത്തി നില്‍ക്കുന്നത്. കഥകളി ചിത്രങ്ങളും ഹൗസ്ബോട്ടുകളും സംസ്ഥാനത്തിന്റെ ബാക്ക്‍വാട്ടര്‍ സൗന്ദര്യവും ബസുകളിലെ ചിത്രങ്ങളില്‍ നിറയുന്നു. ‘ഗോ കേരള’ എന്ന വാചകത്തിനൊപ്പം കേരള ടൂറിസം വെബ്സൈറ്റിന്റെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

ലണ്ടന്‍, ബിര്‍മിംഗാം, ഗ്ലാസ്ഗോ എന്നീ നഗരങ്ങളിലെ ടാക്സികളില്‍ കേരളം നേരത്തേ ഇത്തരത്തില്‍ പരസ്യം നല്‍കിയിരുന്നു. അന്ന് വളരെയധികം വിജയകരമായിരുന്നു ഈ പരസ്യരീതി. ദുബായിലും സൗദി അറേബ്യയിലും കേരളം ഇത്തരത്തില്‍ ബ്രാന്‍ഡിംഗ് നല്‍കി വരുന്നുണ്ട്. ബിബിസി വേള്‍ഡ്, അല്‍ജസീറ എന്നീ ചാനലുകളിലൂടെ യുഎഇയിലെ വിമാനത്താവളങ്ങളിലും കേരളത്തിന്റെ ടൂറിസം പരസ്യം നല്‍കുന്നുണ്ട്. പുത്തന്‍ രീതിയിലുളള പരസ്യങ്ങള്‍ക്കായും ക്യാംപെയിനുകള്‍ക്കായും കോടികളാണ് സംസ്ഥാനം ഇത്തരത്തില്‍ നീക്കെ വെക്കുന്നത്. അത്കൊണ്ട് തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നല്ല തോതില്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശനവും നടത്തുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ