കൊല്ലം: സ്കൂൾ വളപ്പിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസപ്രകടനം. കൊല്ലം കൊട്ടാരക്കര വിദ്യാധിരാജ സ്കൂളിലാണ് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് ബസ് അപകടകരമായ രീതിയിൽ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയത്. ഇതേ സ്കൂളിലെ ഗ്രൗണ്ടിൽ കാറിലും ബൈക്കിലും വിദ്യാർഥികളും അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
കുട്ടികളെ മൈതാനത്ത് നിർത്തിയായിരുന്നു വാഹനങ്ങളിലുള്ള പ്രകടനങ്ങൾ. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കാറുകളും ബൈക്കുകളും ഓടിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
സ്കൂളിലെ ഹയർ സെക്കന്‍ഡറി വിദ്യാർഥികളുടെ വിനോദ യാത്രയ്ക്കു മുന്നോടിയായിട്ടായിരുന്നു അഭ്യാസ പ്രകടനം. സ്ഥലത്ത് അധ്യാപകരോ രക്ഷിതാക്കളോ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. ഞായറാഴ്ച മൈസൂരിലേക്കു പോയ സംഘത്തിന്റെ വീഡിയോ അന്നു തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വ്യാഴാഴ്ച സംഘം മടങ്ങിയെത്തിയ ശേഷം നിയമനടപടികളുണ്ടാകും. ബസ് കസ്റ്റഡിയിലെടുക്കും.
സ്കൂളില്‍ സാഹസികപ്രകടനം നടത്തിയ ബസ് കസ്റ്റഡിയിലെടുക്കുമെന്നു ഗതാഗതവകുപ്പ് അറിയിച്ചു. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വിനോദ യാത്രയ്ക്കിടെ വിദ്യാർഥികൾ ബസിന്റെ ഗിയർ മാറുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.