സമരം നടത്തുന്ന സ്വകാര്യ ബസ്സുടമകളുമായി നാളെ സർക്കാർ ചർച്ച നടത്തും കോഴിക്കോട് വച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തും.

നാളെ വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരിക്കും ചർച്ച. സ്വകാര്യ ബസ് സമരം മൂന്ന് ദിവസം ആകുമ്പോഴാണ്  സർക്കാർ ബസ്സുടമകളുമായി ചർച്ചയ്ക്ക് തയ്യാറായത്.

മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥി കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ വെളളിയാഴ്ച മുതൽ സമരം ആരംഭിച്ചത്. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓർഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് 11 രൂപയായും സൂപ്പർ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയർത്താനാണ് തീരുമാനിച്ചത്. ഫെയർസ്റ്റേജിലും വിദ്യാർഥികൾക്കുള്ള മിനിമം നിരക്കിലും വർധന വരുത്തിയിരുന്നില്ല. ഇതാണ് ബസ് ഉടമകളെ വീണ്ടും സമരം എന്ന തീരുമാനത്തിൽ എത്തിച്ചതെന്ന് അവർ പറഞ്ഞിരുന്നു.

ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണു നിരക്കുവർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. വിദ്യാർഥികൾക്ക് ഇളവിനു പ്രായപരിധി നിശ്ചയിക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭ തളളുകയാണ് ചെയ്തത്.

സ്വകാര്യ ബസ്സ് ഉടമകളുടെ സമരം അനാവശ്യമെന്ന് നിരക്ക് കൂട്ടാൻ ശുപാർശ ചെയ്ത ജസ്റ്റിസ് എം.രാമചന്ദ്രൻ. ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ബസ് നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ വർധിപ്പിച്ച നിരക്ക് മതിയാകുമെന്നും നിലവിൽ ഇതിൽ കൂടുതൽ വർധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

മിനിമം നിക്കിൽ പത്ത് രൂപ ആക്കി വർധിപ്പിക്കണ്ടേ കാര്യമില്ല. നിലവിൽ വർധിപ്പിച്ച ഒരു രൂപ മതിയാകുമെന്ന് രാമചന്ദ്രൻ പറഞ്ഞു. മിനിമം നിരക്കിൽ ഒരു രൂപയുടെ വർധന ആശ്വാസകരമാണ്. ഡീസൽ നിരക്ക് ഇനിയും വർധിപ്പിച്ചാൽ മാത്രമേ നിരക്ക് വർധനയെ കുറിച്ച് ആലോചിക്കേണ്ടതുളളൂവെന്നും ജസ്റ്റിസ് രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ