scorecardresearch
Latest News

‘സമരം നല്ലതാണ്!’; കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ലക്ഷങ്ങളുടെ വര്‍ധനവ്

സമരത്തെ തുടര്‍ന്ന് നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബെംഗളൂരു റൂട്ടില്‍ മാത്രം അധികമായി കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്

‘സമരം നല്ലതാണ്!’; കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ലക്ഷങ്ങളുടെ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരത്തില്‍ ലോട്ടറിയടിച്ച് കെഎസ്ആര്‍ടിസി. സമരത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ചയില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അന്തര്‍ സംസ്ഥാന ബസ് സമരം ആരംഭിച്ചത്. സമരം ആരംഭിച്ച ദിവസം മുതല്‍ ഇന്ന് വരെ കെഎസ്ആര്‍ടിസിക്ക് 45 ലക്ഷം രൂപയോളം അധികമായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Read Also: ‘ഓടണ്ടടാ കല്ലടേ’; കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

സമരത്തെ തുടര്‍ന്ന് നിലവിലുള്ള 48 ബസുകള്‍ക്കു പുറമെ 14 ബസുകള്‍കൂടി ബെംഗളൂരു റൂട്ടില്‍ മാത്രം അധികമായി കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്.  അതിനിടെ സമരത്തില്‍ നിന്ന് ഒരു വിഭാഗം ബസുടമകള്‍ പിന്മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ചര്‍ച്ചയ്ക്ക് ഗതാഗത സെക്രട്ടറിയെ കാണാന്‍ ഇവര്‍ അനുമതി തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ പരിശോധന നടത്തുന്നതും വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം കര്‍ണാടക, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന് ബസുടമകള്‍ പറയുന്നു. സമരത്തെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ വാദം ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ തള്ളി.

Read Also: ലോകം കാത്തിരിക്കുന്ന മത്സരത്തിലേക്ക് വല ചലിപ്പിച്ച് അര്‍ജന്റീന

കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇതര സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനായി ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പരിശോധന അടക്കം സര്‍ക്കാര്‍ നടത്തിവരികയാണ്. ഇതിനെതിരെയാണ് ബസ് ഉടമകളുടെ പ്രതിഷേധം. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ നിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bus strike ksrtc profit kerala kallada issue