എറണാകുളം: ജനങ്ങളെ വലച്ച സ്വകാര്യ ബസ് സമരം നാലാം ദിനത്തിലേക്ക് കടന്നു. സമരക്കാരുമായി ഇന്നലെ ഗതാഗതമന്ത്രി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമാകാതെ പിരിയുകയായിരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു.  വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും  ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് മിനിമം ചാർജ് 8 രൂപയാക്കി സർക്കാർ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ ബസ് ഉടമകൾ തയ്യാറായിരുന്നില്ല. ബസ് ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിൽ സമവായമുണ്ടാക്കാനാണ് ബസ് ഉടമകളുമായി ഇന്ന് ഗതാഗത മന്ത്രി ചർച്ച വിളിച്ചത്.

എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോർഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞു. സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.