തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. വിദ്യാർത്ഥികളുടെ നിരക്ക് വധിപ്പിക്കണമെന്ന് ബസ് ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചും തങ്ങളുടെ ആവശ്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന ഉറപ്പിനെ തുടർന്നുമാണ് സമരം പിൻവലിച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. അതിനിടെ, സമരം പിൻവലിച്ചതിൽ ബസ് ഉടമകൾ തമ്മിൽ തർക്കം. മുഖ്യമന്ത്രിയുമായുളള ചർച്ചയ്ക്കു ശേഷം ബസ് ഉടമകൾ തമ്മിൽ വാക്കേറ്റമുണ്ടായി.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബസ് ഉടമകൾ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമരം തുടരുന്ന സ്വകാര്യ ബസുകളുടെ പെമിറ്റ് റദ്ദാക്കുന്നതിനു മുന്നോടിയായി മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവീസ് നിർത്തിവച്ചതിനു രണ്ടു ദിവസത്തിനുള്ളിൽ കാരണം അറിയിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ്.

സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തി. ബസുടമകൾ ഇന്നലെ മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും തീരുമാനം പിൻവലിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ