തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ആറു മാസം മുൻപാണ് ചാർജ് കൂട്ടിയത്. ജനങ്ങളുടെ മേൽ ഭാരം ഏൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ബസ് ഉടമകൾക്ക് നികുതി അടക്കാനുളള സമയപരിധി നൽകി. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു 20 വര്‍ഷമാക്കി. എന്നിട്ടും ഒരു വിഭാഗം ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത് വിഭാഗീയത ഉണ്ടാക്കാനാണ്. ഇതു എടുത്തു ചാടിയുളള പ്രഖ്യാപനമാണന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ച് വിട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ വർഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ നോട്ടീസ് നൽകിയതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം നടത്താൻ സ്വകാര്യ ബസ് ഉടമകളുടെ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. മിനിമം ചാർജ് എട്ടുരൂപയില്‍ നിന്ന് പത്തുരൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് രണ്ടരക്കിലോമീറ്റായി കുറയ്ക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള ചാര്‍ജ് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബസുകള്‍ക്കുളള ഡീസല്‍ വിലയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ആവശ്യം.