തിരുവനന്തപുരം: അയൽ ജില്ലകളിലേക്കുള്ള ബസ് സർവീസ് നാളെ പുനഃരാരംഭിക്കും. നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് അയൽ ജില്ലകളിലേക്കുള്ള ബസ് സർവീസ് പുനഃരാരംഭിക്കുന്നത്.

ബസുകളിൽ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. എന്നാൽ, നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും ഇരുന്നുള്ള യാത്ര നേരത്തെ വിലക്കിയിരുന്നു. എന്നാൽ, എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു.

എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിച്ച സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യമല്ല. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ സർക്കാർ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. ബസിലെ യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. മുൻപിലെ വാതിലിലൂടെ കയറുകയും പിൻവാതിലിലൂടെ പുറത്തിറങ്ങുകയും ആണ് ചെയ്യേണ്ടത്. മുൻവാതിലിൽ സാനിറ്റൈസർ ഉണ്ടായിരിക്കണം.

 

Read Also: സംസ്ഥാനത്തെ ഇളവുകൾ എന്തെല്ലാം ?

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. പകുതി സീറ്റുകളിൽ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചത്. എന്നാൽ, വിമാനത്തിലും ട്രെയിനിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റുന്നുണ്ട്. അതുകൊണ്ട് ബസിലും അങ്ങനെ യാത്രക്കാരെ അനുവദിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

അന്തര്‍ജില്ലാ ബസ് സർവീസ് പരിമിതമായ തോതില്‍ അനുവദിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാമെന്നാണ് കാണുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാറിൽ ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാർ. ഓട്ടോറിക്ഷയിൽ ഡ്രെെവർ കൂടാതെ രണ്ട് യാത്രക്കാർ എന്നിങ്ങനെയും ഇന്നലെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.