തിരുവനന്തപുരം: പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ്സുകൾ പിടിച്ചെടുക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതിന് മുന്നോടിയായി സ്വകാര്യ ബസ്സുടമകൾക്ക് നോട്ടീസ് നൽകാൻ സർക്കാർ തീരുമാനിച്ചു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കി.
അതേസമയം, ബസ്സുടമകൾ തമ്മിൽ വിഷയത്തിൽ കടുത്ത ഭിന്നതയാണ് ഉളളത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ചില ബസ്സുടമകൾ തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടർന്ന് തിരുവനന്തപുരത്ത് ചില സ്വകാര്യ ബസ്സുകൾ ഓടിത്തുടങ്ങി.
ബസ്സുടമകൾ സമരം നടത്തുന്നതിനിടയിൽ വിവാഹ പാർട്ടികളുടെയും മറ്റും യാത്ര ഏറ്റെടുക്കുന്നതിൽ പ്രതിഷേധിച്ച് ടൂറിസ്റ്റ് ബസ്സുകൾ സ്വകാര്യ ബസ്സുകൾക്ക് സമാനമായി സർവ്വീസ് നടത്തിയിരുന്നു. തൃശ്ശൂരിലും കണ്ണൂരിലും ഇത്തരത്തിൽ ടൂറിസ്റ്റ് ബസ്സുകൾ സർവ്വീസ് നടത്തിയത് സ്വകാര്യ ബസ്സുടമകൾക്ക് തിരിച്ചടിയായി.
Read More: യാത്രക്കാർക്ക് തുണയായി ടൂറിസ്റ്റ് ബസ്സുകൾ; ഇതാ ഒരു കണ്ണൂർ മാതൃക
സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി നേരിടുമെന്ന് ഇന്നലെ തന്നെ മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നടപടിയും വരുന്നത്. സമരം അവസാനിപ്പിച്ചില്ലെങ്കിൽ ബസ്സ് പിടിച്ചെടുക്കുമെന്ന സൂചനയും ഇന്നലെ മന്ത്രി നൽകിയിരുന്നു.
മിനിമം ചാർജ് പത്ത് രൂപയാക്കണം, വിദ്യാർത്ഥികളുടെ കൺസഷൻ രണ്ട് രൂപയാക്കി വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ്സ് ഉടമകൾ അനിശ്ചിതകാല സമരം തുടരുന്നത്. ഇന്ന് സമരത്തിന്റെ നാലാം ദിവസമാണ്. ബസ്സ് ചാർജ് മിനിമം എട്ട് രൂപയാക്കാമെന്നാണ് സർക്കാർ നിലപാട്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ബസ്സുടമകൾ വ്യക്തമാക്കിയത്.