തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ലെന്ന ബസുടമകളുടെ നിലപാട് കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തീരുമാനത്തെ ചൊല്ലി ബസുടമകള്‍ക്കിടയില്‍ ഭിന്നതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ലെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് അറിയിച്ച് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ രംഗത്ത് എത്തുകയായിരുന്നു.

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം ജൂണ്‍ ഒന്ന് മുതല്‍ അനുവദിക്കില്ലെന്നും നിരക്ക് ഇളവ് എടുത്തകളയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുമായിരുന്നു കഴിഞ്ഞ ദിവസം ബസുടമകളുടെ യോഗത്തിലെ തീരുമാനം. ഇതിനെ തള്ളിയാണ് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ രംഗത്ത് എത്തിയത്.

തൃശ്ശൂരില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം. വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ മാത്രമാണ് ചില ബസ്സുടമകളുടെ ശ്രമമെന്നും ഫെഡറേഷന്‍ നേതൃത്വം ആരോപിച്ചു. അതേസമയം, കണ്‍സെഷന്‍ അനുവദിച്ചില്ലെങ്കില്‍ ബസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് കെഎസ്യു പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ