കോഴിക്കോട്: സംസ്ഥാനത്തെ ബസ് നിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ബസ് ഉടമകൾ അനിശ്ചിതകാല സമരം തുടരുന്നതിനിടെ ഗതാത മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തർക്കം. ബസ് ഉടമകളാണ് രണ്ട് ചേരിയായി തിരിഞ്ഞത്.

ചർച്ചയ്ക്ക് എല്ലാ ബസുടമകളെയും വിളിച്ചില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. എന്നാൽ ഇതിനെതിരെ മറുവിഭാഗം രംഗത്ത് വന്നതോടെ ചർച്ചയ്ക്ക് മുൻപ് തന്നെ യോഗസ്ഥലത്ത് ബഹളം ആരംഭിച്ചു. സർക്കാർ തീരുമാനം അംഗീകരിക്കുന്ന ബസുടമകളെ മാത്രമാണ് മന്ത്രിയുടെ യോഗത്തിലേക്ക് വിളിച്ചതെന്നാണ് ഇവരുടെ ആരോപണം.

നിലവിൽ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എട്ട് രൂപയാക്കാൻ സർക്കാർ തയ്യാറാണ്. വിദ്യാർത്ഥികളുടെ പാസ് രണ്ട് രൂപയാക്കണമെന്ന ആവശ്യം പക്ഷെ സർക്കാർ നിരാകരിച്ചു. ഇതാണ് ബസുടമകൾ സമരം പിൻവലിക്കാത്തതിന് കാരണം.

പ്രതിഷേധവുമായി രംഗത്ത് വന്ന ബസുടമകൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നത് മറുവിഭാഗം തടഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിൽ നിന്നും ഇവരെ അനുനയിപ്പിച്ച് പിന്മാറ്റി. ഇപ്പോൾ ഗതാഗത മന്ത്രിയുമായി യോഗം നടക്കുകയാണ്. കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് യോഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ