തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം പുനരാരംഭിക്കുമ്പോൾ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുന്ന സാഹചര്യത്തിൽ ഒരു ദിവസം ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നും ഇത് നികത്താൻ ചാർജ് വർധിപ്പിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബസ് ഉടമകളുടെ ആവശ്യം ന്യായമെന്നും സർക്കാർ വ്യക്തമാക്കി.
കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറച്ച് യാത്രക്കാരെ മാത്രമേ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചാർജ് വർധിപ്പിക്കുന്നത്. വർധന കോവിഡ് കാലത്ത് മാത്രമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
Read More: സംസ്ഥാനത്ത് മദ്യവില കൂടും; സെസ് ഏർപ്പെടുത്താൻ തീരുമാനം
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാലയളവിൽ ആയിരിക്കും വർധനവ്. സാമൂഹിക അകലം പാലിച്ച് 25 പേര്‍ക്കേ ബസില്‍ യാത്ര അനുവദിക്കൂ. രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ മാത്രം, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേർ, യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ബസ് സർവീസുകൾ പുനരാരംഭിക്കാനാണ് സർക്കാർ ആലോചിച്ചത്.
അതേസമയം, സംസ്ഥാനത്ത് മദ്യവില കൂട്ടാനും സർക്കാർ തീരുമാനിച്ചു. വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതു സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കും.
മേയ് 17 ന് ലോക്ക്ഡൗൺ മൂന്നാംഘട്ടം കഴിയുമ്പോൾ സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിക്കാനാണ് സർക്കാർ ആലോചന. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകാനിടയുളള തിരക്ക് കണക്കിലെടുത്ത് ഓൺലൈനിൽ മദ്യ വിൽപനയ്ക്കുളള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനായി ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്.
നേരത്തെ, ഗ്രീൻ സോണുകളിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും സംസ്ഥാന സർക്കാർ തൽക്കാലം വേണ്ടെന്നുവയ്ക്കുകയായിരുന്നു. മേയ് 17 നുശേഷം ഇക്കാര്യത്തിൽ തീരുമാനം മതിയെന്ന നിലപാടിലായിരുന്നു സർക്കാർ. അതേസമയം, ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാനുളള അനുമതി കൊടുക്കാൻ സർക്കാരിൽ ധാരണയായെന്നാണ് സൂചന. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.